
ദില്ലി: ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാന്, യാത്രാ വിമാനങ്ങളെ മറയാക്കിയെന്ന് സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ പാകിസ്ഥാന് നടത്തിയ ആക്രമണങ്ങളുടെയും ഇന്ത്യയുടെ പ്രത്യാക്രമണത്തിന്റെയും വിശദാംശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കി.
പാകിസ്ഥാനെതിരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയ സമയത്ത് ഇന്ത്യന്‍ വ്യോമപാതയില്‍ യാത്രാ വിമാനങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. കൃത്യമായ മുന്നൊരുക്കം ഇന്ത്യ നടത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാന് വ്യോമപാതയിലൂടെ ഈ സമയം രണ്ട് യാത്രാ വിമാനങ്ങൾ കടന്നു പോയതായും ഇന്ത്യ തിരിച്ചടിക്കില്ലെന്ന കണക്കുകൂട്ടലില്‍ യാത്ര വിമാനങ്ങളെ പാകിസ്ഥാന് കവചമാക്കിയതായും വാര്‍ത്താ സമ്മേളനത്തില്‍ സേന വ്യക്തമാക്കി. ഇതില്‍ ഒരു ആഭ്യന്തര വിമാനവും ഒരു അന്താരാഷ്ട്ര വിമാനവും ഉണ്ടായിരുന്നു.
ഇതില്‍ ആക്രമണം നടന്ന സമയം പാക് വ്യോമപാതയിലൂടെ കടന്നു പോയ ഫ്ലൈനാസ് വിമാനത്തിന്റെ വിവരം സേന എടുത്തു പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഇന്നലെ വൈകിട്ട് 5.50ന് പുറപ്പെട്ട് പാകിസ്ഥാനിലെ ലാഹോറില്‍ രാത്രി 9.10 ന് എത്തിച്ചേര്‍ന്ന ഫ്ലൈനാസ് ഏവിയേഷന്റെ എയര്‍ബസ് 320 വിമാനമാണിതെന്ന് സേന വ്യക്തമാക്കി. കറാച്ചിക്കും ലാഹോറിനും ഇടയിലുള്ള ഒരു വിമാനമാണ് ഈ പാകിസ്ഥാന് കവചമാക്കിയ മറ്റൊരു യാത്രാ വിമാനം. യാത്രാ വിമാനങ്ങളെ യാതൊരു രീതിയിലും ബാധിക്കാത്ത രീതിയില്‍ ജാഗ്രതയോടെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]