
മമ്മൂട്ടി നായകനായ ഒരു പരീക്ഷണ ചിത്രമായിരുന്നു ഭ്രമയുഗം. തിയറ്ററുകളില്‍ വൻ പ്രതികരണവും നേടിയിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ വളർന്ന സാഹചര്യത്തിൽ പൂർണമായും ബ്ലാക് ആന്റ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രം കൂടി സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രവും ഇതുതന്നെയാണ്.
നിലവിൽ സോണിലിവില്‍ സ്ട്രീമിംഗ് തുടരുന്ന ചിത്രമിതാ ഒരു വർഷത്തിനിപ്പുറം ടെലിവിഷനിൽ എത്താൻ ഒരുങ്ങിയിരിക്കുകയാണ്. ഏഷ്യാനെറ്റിനാണ് പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്. നാളെ ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ഏഷ്യാനെറ്റില്‍ ഭ്രമയുഗം സംപ്രേഷണം ചെയ്യുക. മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയായിട്ടുള്ള(ചാത്തൻ) പ്രകടനവും ബ്ലാക് ആന്റ് വൈറ്റിൽ ഈ കാലഘട്ടത്തിലൊരു സിനിമ ടെലിവിഷനിലും കാണാനുമുള്ള ആകാംക്ഷയിലാണ് സിനിമാസ്വാദകർ ഇപ്പോൾ.
2024 ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം പത്ത് രാജ്യങ്ങളിൽ റിലീസ് ചെയ്തിരുന്നു. ഫുൾ ഓൺ എന്റർടെയ്ൻമെന്റുകൾ സമ്മാനിച്ച 2024ൽ കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ ഭ്രമയുഗത്തിനായി എന്നത് ഏറെ ശ്രദ്ധേയമാണ്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഭ്രമയുഗം. മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം 50 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്.
മമ്മൂട്ടി നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ബസൂക്കയാണ്. ഡീനോ ഡെന്നീസാണ് സംവിധാനം നിര്‍വഹിച്ചത്. ഗെയിം ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. മമ്മൂട്ടി വേറിട്ട ഗെറ്റപ്പില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ബസൂക്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]