
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രി ഇന്ത്യയിലെ ജമ്മു ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചെങ്കിലും ഒന്നുപോലും നിലംതൊടാതെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അവയെ വെടിവെച്ചിടുകയായിരുന്നു. തുടർന്ന് മിനിറ്റുകൾക്കകം ഇന്ത്യ ശക്തമായ തിരിച്ചടി നൽകി.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമായിരിക്കുമ്പോൾ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്. അതിർത്തിക്കടുത്തുള്ള പല ജില്ലകളിലെയും സംസ്ഥാന പൊലീസ് സേനകളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും അവധി റദ്ദാക്കി ജോലികളിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.
ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്ന സംസ്ഥാനങ്ങൾ ഇവയാണ്
ജമ്മു & കശ്മീർ: ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതാ നടപടികളുടെ ഭാഗമായി ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകളും കോളേജുകളും സർവകലാശാലകളും രണ്ട് ദിവസം കൂടി അടച്ചിടും. ജമ്മു കശ്മീർ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
പഞ്ചാബ്: എല്ലാ സ്കൂളുകൾക്കും സർവകലാശാലകൾക്കും കോളേജുകൾക്കും അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നൽകി. പഞ്ചാബ് സർവകലാശാല മേയ് 9, 10, 12 തീയ്യതികളിലെ പരീക്ഷകൾ മാറ്റി. അതിർത്തി ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി.
ഹരിയാന: പഞ്ച്കുലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളി, ശനി ദിവസങ്ങളിൽ അവധി നൽകിയതായി അധികൃതർ അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാന പൊലീസ് സേനയിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ അവധികളും റദ്ദാക്കിയിട്ടുണ്ട്.
രാജസ്ഥാൻ: സർക്കാർ ജീവനക്കാരുടെയും അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ചുമതലകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയിട്ടുണ്ട്. അതിർത്തിയുമായി ചേർന്നുള്ള അഞ്ച് ജില്ലകളിൽ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]