
ദില്ലി: ഇന്നലെ രാത്രി മുതൽ ജമ്മു കശ്മീരിലടക്കം അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണശ്രമങ്ങള്‍ വിജയകരമായി നേരിട്ടന്ന് ഇന്ത്യ. ഇന്ത്യൻ സൈനിക ക്യാമ്പുകള്‍ക്കുനേരെ നടന്ന പാക് ഡ്രോണ്‍, മിസൈൽ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം രാത്രി ഉടനീളം തുടര്‍ന്നുവെന്നും നിയന്ത്രണ രേഖയിൽ സ്ഫോടന ശബ്ദം തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, നാവിക സേന ആക്രമിച്ചെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്നും രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സൈന്യത്തിന്റെ ഇതുവരെയുള്ള നടപടികളടക്കം ഇന്ന് രാവിലെ പത്തിന് വാര്‍ത്താസമ്മേളനത്തിലൂടെ വിദേശകാര്യമന്ത്രാലയം വിശദീകരിക്കും. വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരിക്കും നടപടികള്‍ വിശദീകരിക്കുക.
പാകിസ്ഥാൻ ആക്രമണം തുടങ്ങിയതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നിർണായക കൂടിക്കാഴ്ചകളാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സേനാമേധാവിമാരുമായി ചര്‍ച്ച നടത്തി. അതേസമയം, ഇന്ന് പുലര്‍ച്ചെ ജമ്മു നഗരത്തിലും പൂഞ്ചിലെ അതിര്‍ത്തി ഗ്രാമങ്ങളിലും പാകിസ്ഥാന്റെ ആക്രമണശ്രമം നടന്നു.
പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം സൈന്യം തകര്‍ത്തു. പൂഞ്ചിൽ ഗ്രാമങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് സൈന്യം കനത്ത തിരിച്ചടി നൽകി. ജമ്മുവില്‍ പുലര്‍ച്ചെ നടന്ന ഡ്രോണ്‍ ആക്രമണ ശ്രമവും സൈന്യം ചെറുത്തു. ഉറിയിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ബാരാമുള്ള ജില്ലയിലടക്കം കനത്ത ഷെല്ലാക്രമണമാണ് ഇന്നലെ രാത്രിയുണ്ടായത്.
ഇന്നലെ രാത്രിയോടെയാണ് ഇന്ത്യൻ സൈനിക താവളങ്ങൾക്ക് നേരെ പാക് ആക്രമണശ്രമം ഉണ്ടായത്. ശ്രീനഗർ, പത്താൻകോട്ട്, ജെയ്സാൽമീർ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചെന്നാണ് സൈന്യം വ്യക്തമാക്കിയത്. അതേസമയം, സൈനിക ക്യാമ്പുകള്‍ ആക്രമിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമെന്നാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]