
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ‘അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ല’ എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. എങ്കിലും പ്രസിഡന്റ് ഡോണാൾഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘർഷം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘അൽപ്പം ശാന്തരാകാൻ അവരെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ നമ്മൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ല. പാകിസ്ഥാനികളോടും ആയുധം താഴെ വയ്ക്കാൻ പറയാൻ കഴിയില്ല. അതിനാൽ, നയതന്ത്ര മാർഗ്ഗങ്ങളിലൂടെ നമ്മൾ ഈ വിഷയം പിന്തുടരും’ – എന്നാണ് ഫോക്സ് ന്യൂസിന് നൽകി അഭിമുഖത്തിൽ വാൻസ് പറഞ്ഞത്.
‘ഇത് ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്കോ, ഒരു ആണവ സംഘർഷത്തിലേക്കോ നീങ്ങില്ല എന്നാണ് നമ്മുടെ പ്രതീക്ഷയും പ്രതീക്ഷിക്കുന്നതെന്നും’ വാൻസ് പറഞ്ഞു. ഇപ്പോൾ, അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘര്‍ഷം ഗുരുതരമായ സാഹചര്യത്തില്‍ യുഎസ് അതിവേഗം ഇടപെട്ടിരുന്നു. സംഘർഷം ഉടൻ കുറയ്ക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും ആവശ്യപ്പെട്ടു. ഫോണിൽ വിളിച്ചാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇക്കാര്യം ആവശ്യപ്പെട്ടത്.
സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി ചെറുക്കുമെന്ന് വിദേശ്യകാര്യ മന്ത്രി എസ്. ജയശങ്കർ, മാർക്കോ റൂബിയോയോട് പറഞ്ഞു എന്നാണ് വ്യക്തമാക്കിയത്. സംഘർഷങ്ങൾക്ക് അയവു വരുത്തണമെന്നാണ് ജയ്ശങ്കറിനോടും യുഎസ് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച റൂബിയോ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി പ്രവർത്തിക്കുമെന്നും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]