
ഇനി സേവനങ്ങള്ക്ക് കാത്തിരിക്കേണ്ട; കെ സ്മാർട്ട് നാളെ മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേരളത്തിലെ നഗരഭരണ സംവിധാനത്തെ പുനർനിർവചിച്ച് ത്രിതല പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിച്ച കെ സ്മാർട്ട് പ്ലാറ്റ്ഫോം നാളെ മുതൽ. വേണ്ടി ഇൻഫർമേഷൻ കേരളാ മിഷൻ (ഐകെഎം) രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമാണ് കെ–സ്മാർട്ട്. പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാവുകയാണെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒരുക്കിനൽകുന്നത്. ജനന-മരണ-വിവാഹ റജിസ്ട്രേഷൻ മുതൽ വസ്തു നികുതിയും, കെട്ടിട നിർമാണ പെർമിറ്റും വരെ നിരവധിയായ ആവശ്യങ്ങൾ നേടിയെടുക്കാൻ ജനങ്ങൾക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കേണ്ടതുണ്ട്. വിവിധങ്ങളായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ സോഫ്റ്റ്വെയറുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിവിശേഷത്തെ മാറ്റിക്കൊണ്ട്, ഒറ്റ പ്ലാറ്റ്ഫോമിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലെത്താതെ തന്നെ ഈ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കാൻ കെ സ്മാർട്ടിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.
കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്ക് വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം നാളെ ഏപ്രിൽ 10ന് രാവിലെ 10.30ന് തിരുവനന്തപുരം ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി നിർവഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. നിലവിൽ കെ സ്മാർട്ട് വിന്യസിച്ചിട്ടുള്ള 87 മുൻസിപ്പാലിറ്റികൾക്കും 6 കോർപറേഷനുകൾക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ലാ പഞ്ചായത്തുകളിലും കെ സ്മാർട്ട് ലഭ്യമാവും.
വിഡിയോ കെവൈസിയിലൂടെയുള്ള വിവാഹം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്, കെ സ്മാർട്ടാണെന്നും അധികൃതർ പറയുന്നു. നേരത്തേ വധൂ വരന്മാർ ഓഫിസിൽ വന്ന് അപേക്ഷ സമർപ്പിക്കണമായിരുന്നു. ഇത് മാറ്റി, വധുവിനും വരനും ലോകത്ത് എവിടെയിരുന്നും ഏത് സമയത്തും വിഡിയോയിലൂടെ വേരിഫൈ ചെയ്ത് വിവാഹം റജിസ്റ്റർ ചെയ്യാനാവുന്ന സ്ഥിതി വന്നു. സംസ്ഥാനത്ത് 2024 ജനുവരി മുതൽ 2025 മാർച്ച് 31 വരെ റജിസ്റ്റർ ചെയ്ത 63,001 വിവാഹങ്ങളിൽ 21,344ഉം ഈ സൗകര്യം ഉപയോഗിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
300 ചതുരശ്ര മീറ്റർ വരെയുള്ള ബിൽഡിങ് പെർമിറ്റുകൾ കെ സ്മാർട്ടിൽ അപേക്ഷിച്ചാലുടൻ ലഭിക്കുന്നു. ശരാശരി പെർമിറ്റ് ലഭിക്കാനെടുക്കുന്ന സമയം 9 സെക്കന്റാണ്. മുൻപ് ആഴ്ചകളും മാസങ്ങളുമെടുത്തിരുന്ന പ്രക്രിയയാണ് ഇത്. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിൽ നിന്ന് ഒരു ജനന സർട്ടിഫിക്കറ്റ് ലഭിച്ചത് 6.45 മിനിറ്റു കൊണ്ടാണ്. തിരുവനന്തപുരം കോർപറേഷനിൽ നിന്നാണ് സംസ്ഥാനത്തെ ഏറ്റവും വേഗത്തിലുള്ള മരണസർട്ടിഫിക്കറ്റ് ലഭിച്ചത്, 8.54 മിനിറ്റുകൊണ്ട്. 23.56 മിനിറ്റുകൊണ്ട് വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കി ഗുരുവായൂർ മുൻസിപ്പാലിറ്റിയാണ് ഈ വിഭാഗത്തിൽ മുന്നിൽ. കെ–സ്മാർട്ടിലൂടെ സേവനങ്ങൾ നൽകാനുള്ള ശരാശരി സമയം ആഴ്ചകളിൽ നിന്ന് മണിക്കൂറുകളായി കുറഞ്ഞു.