
‘ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്നത് യുദ്ധം; പോരാട്ടം തുടങ്ങേണ്ടത് വീടുകളിൽ നിന്ന്’, 17ന് സർവകക്ഷിയോഗം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ലഹരിക്കെതിരെ കർമ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വിപുലമായ കർമ പദ്ധതിക്ക് രൂപം നൽകുമെന്നും ആക്ഷൻ പ്ലാൻ ഉണ്ടാക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 17ന് സർവകക്ഷിയോഗവും 16 ന് മതമലേധ്യക്ഷന്മാരുടെ യോഗവും ചേരുമെന്നു മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനം നടത്തുന്നതു യുദ്ധമാണെന്നും ലഹരിക്കെതിരായ പോരാട്ടം വീടുകളിൽനിന്ന് ആരംഭിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘പുതിയ തലമുറയെയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം ഒരു യുദ്ധം നടത്തുകയാണ്. ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും തായ് വേരറുത്ത്, വരും തലമുറകളെ കൊടുംവിപത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിനു ഈ നാടിന്റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ്. മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. കേരളത്തില്‍ കൂടുതല്‍ കാണപ്പെടുന്ന ലഹരി വസ്തുക്കളില്‍ കഞ്ചാവ്, ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍, സിന്തറ്റിക് മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗത്തിലെ വര്‍ധന കൂടുതല്‍ ഗൗരവമുള്ളതാണ്’’ – മുഖ്യമന്ത്രി പറഞ്ഞു.
‘‘പൊലീസ്, എക്സൈസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, പട്ടികജാതി – പട്ടിക വര്‍ഗം, ആരോഗ്യം, കായികം, സാംസ്കാരികം യുവജനക്ഷേമം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ലഹരിക്കെതിരായ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് ചര്‍ച്ചചെയ്ത നിര്‍ദേശങ്ങള്‍ വിദഗ്ധസമിതി മുമ്പാകെ വെച്ച് അവരുടെ അഭിപ്രായം കൂടി ചേര്‍ത്ത് വിപുലമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ലഹരി വിരുദ്ധ ക്യാംപെയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 16ന് വിവിധ മതമേലധ്യക്ഷന്മാരുടെ യോഗവും 17ന് സര്‍വ്വകക്ഷിയോഗവും വിളിച്ചുചേര്‍ക്കും’’ – മുഖ്യമന്ത്രി അറിയിച്ചു.
‘‘ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി 2024 ല്‍ സംസ്ഥാനത്താകെ 27,578 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 29,889 പ്രതികളെ അറസ്റ്റ് ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 2025ല്‍ മാര്‍ച്ച് 31 വരെ 12,760 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 13,449 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചു. സ്ഥിരം മയക്കുമരുന്ന് വ്യാപാരം നടത്തി ക്രൈംകേസുകളില്‍പ്പെട്ട ആള്‍ക്കാരുടെ പ്രത്യേകം പട്ടിക തയ്യാറാക്കി. അതില്‍ 97 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു മയക്കുമരുന്ന് കടത്തുന്ന പ്രധാന സംഘങ്ങളെ പിടികൂടാന്‍ ഡാൻസാഫ് ടീം സജീവമായി ഇടപെടുന്നുണ്ട്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമുള്ള മയക്കു മരുന്നിന്റെ ഒഴുക്ക് തടയാന്‍ പ്രതിരോധത്തിന്റെ കവചം തീര്‍ക്കേണ്ടതുണ്ട്. അതിനായി അശ്രാന്തപരിശ്രമത്തിലാണ് കേരള പൊലീസ്. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം നടത്തി സംയുക്ത ആക്ഷന്‍ പ്ലാന്‍ ചെയ്തു. സ്കൂള്‍-കോളജ് പരിസരങ്ങള്‍, ഡി.ജെ പാര്‍ട്ടി നടക്കുന്ന സ്ഥലങ്ങള്‍, ടര്‍ഫുകള്‍, യുവാക്കളുടെയും മറ്റും ഒത്തുചേരല്‍ നടക്കുന്ന സ്ഥലങ്ങള്‍, ലേബര്‍ ക്യാംപുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ലോഡ്ജുകള്‍, കോളജ് ഹോസ്റ്റലുകള്‍, തട്ടുകടകള്‍ എന്നീ സ്ഥലങ്ങളില്‍ സംയുക്ത പരിശോധന നടത്തുകയാണ്. മയക്കുമരുന്ന് കേസുകളില്‍ പെട്ടവരുടെ പട്ടിക പരസ്പരം കൈമാറുന്നുമുണ്ട്. എല്ലാ ജില്ലകളിലും സ്റ്റേഷന് തലത്തില്‍ പ്രത്യേക ഓപ്പറേഷന് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്’’ – മുഖ്യമന്ത്രി പറഞ്ഞു.
‘‘ലഹരിക്കെതിരെയുള്ള യുദ്ധം ആരംഭിക്കേണ്ടത് നമ്മുടെ വീടുകളില്‍നിന്നു തന്നെയാണ്. രക്ഷിതാക്കള്‍ക്ക് ലഹരിയെ കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അവബോധം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ‘ജീവിതമാണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള പൊലീസിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ ക്യാംപെയ്ന് നടത്തുകയാണ്. ലഹരിവിപത്തിനെതിരെ പ്രതിരോധം ഉയര്‍ത്താന്‍ പൊതുസമൂഹമാകെ സ്വയം മുന്നിട്ടിറങ്ങുന്നത് ആവേശം പകരുന്ന കാര്യമാണ്. മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് അതിന്റെ ഭാഗമായി നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങളും വിഷയങ്ങളും നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പരായ നാഷനല്‍ നര്‍കോട്ടിക്സ് ഹെല്പ് ലൈന്‍ 1933 നമ്പറും എഡിജിപി എല്‍ & ഓയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്റി നാര്‍കോട്ടിക് സെല്‍ വിഭാഗത്തിന്റെ 9497979794, 9497927797 നമ്പരുകളും, കേരളാ പൊലീസ് ആരംഭിച്ച യോദ്ധാവ് എന്ന പദ്ധതിയിലെ 9995966666 എന്ന വാട്ട്സാപ്പ് നമ്പറും 24 മണിക്കൂറും ലഭ്യമാണ്’’ – മുഖ്യമന്ത്രി പറഞ്ഞു.