
സുപ്രധാന യോഗങ്ങൾ ഇന്ന്, ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി നിലമ്പൂർ; 4155 പുതിയ വോട്ടർമാർ
മലപ്പുറം ∙ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടത്തി നിലമ്പൂരിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്.
ഇതിൽ 1,11,692 പുരുഷൻമാരും 1,16,813 സ്ത്രീകളും 7 ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുമുണ്ട്. പട്ടികയിൽ 1455 പേർ 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരൻമാരും 2321 ഭിന്നശേഷി വിഭാഗത്തിൽപെടുന്നവരുമാണ്.
4155 പേരാണ് പുതിയ യുവവോട്ടർമാർ. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് കരട് വോട്ടർ പട്ടിക സൗജന്യമായി വിതരണം ചെയ്യും.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും (https://www.ceo.kerala.gov.in) വോട്ടർപട്ടിക പരിശോധിക്കാവുന്നതാണ്.
കരട് വോട്ടർ പട്ടികയിൻമേൽ ആക്ഷേപങ്ങൾ ഉന്നയിക്കാൻ 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ തീരുമാനത്തിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് അപ്പീൽ നൽകാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കി അന്തിമപട്ടിക അടുത്ത മാസം 5നു പ്രസിദ്ധീകരിക്കും.
ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ നിലമ്പൂരിലെ പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചു.
ഈസ്റ്റ് കൽക്കുളം എംഎംഎംഎൽപി സ്കൂൾ, പുഞ്ചക്കൊല്ലി മോഡൽ പ്രീസ്കൂൾ, വാണിയംപുഴ, പാതാർ തഅ്ലിം സിബിയാൻ മദ്രസ എന്നിവിടങ്ങളിലും ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു സന്ദർശനം. ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ പി.എം.സനീറ, നിയോജക മണ്ഡലത്തിന്റെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ പി.സുരേഷ്, നിലമ്പൂർ തഹസിൽദാർ എം.പി.സിന്ധു തുടങ്ങിയവരും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കൊപ്പമുണ്ടായിരുന്നു.
ബൂത്ത് ലെവൽ ഓഫിസർമാരുടെ യോഗവും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും നിലമ്പൂരിൽ ഇന്നു നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]