
‘ജനനായകനി’ലൂടെ ശക്തി തെളിയിക്കാൻ വിജയ്, ‘പരാശക്തി’യിലൂടെ നായകനാവാൻ ഉദയനിധി; തമിഴകത്ത് പൊങ്കലിന് പൊളിറ്റിക്കൽ ‘ക്ലാഷ് റിലീസ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ 2026 നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ അരയും തലയും മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസ് വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ നടത്തും. 2026ലെ പൊങ്കൽ തമിഴ്നാട്ടിലെ വിവിധ മുന്നണികൾക്ക് ഇക്കുറി നിർണായകമാകുക രാഷ്ട്രീയം പറയുന്ന സിനിമകളുടെ റിലീസിലൂടെയായിരിക്കും. 2026 പൊങ്കൽ റിലീസിന് ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തവരുന്നത്. അവസാനമായി നായകനാകുന്ന ‘ജനനായകൻ’, ഉപമുഖ്യമന്ത്രി റെഡ് ജയന്റ്സ് വിതരണം ചെയ്യുന്ന ശിവകാർത്തികേയൻ നായകനാകുന്ന ‘പരാശക്തി’ എന്നീ ചിത്രങ്ങളാണ് 2026 പൊങ്കൽ ക്ലാഷ് റിലീസുകൾ. രാഷ്ട്രീയം കൃത്യമായി പ്രതിപാദിക്കുന്ന ഈ രണ്ടു സിനിമകളും 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് സ്ക്രീനിൽ ശക്തി തെളിയിക്കും.
‘ദളപതി 69’ – ജനനായകന്റെ രാഷ്ട്രീയം
കഴിഞ്ഞ വർഷം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അഭിനയ ജീവിതം അവസാനിപ്പിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് താരം കരുനീക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ് ‘ദളപതി 69’ എന്നു പേരിട്ടുവിളിച്ചിരുന്ന ‘ജനനായകൻ’ വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാനത്തേതാകുമെന്ന് ഉറപ്പായത്. ജനനായകന്റെ കഥയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രഹസ്യമാണെങ്കിലും ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് ലഭിക്കുന്ന സൂചനകൾ.
വിജയ്യുടെ അവസാന സിനിമയെന്ന നിലയ്ക്ക് യഥാർഥ തമിഴക രാഷ്ട്രീയ വിഷയങ്ങളുമായി ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിന് ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണവേദിയായി ‘ജനനായകൻ’ മാറുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നു. തന്റെ പ്രസംഗങ്ങളിലൂടെ ഡിഎംകെ സർക്കാരിനെയും സ്റ്റാലിൻ കുടുംബത്തെയും നേരിട്ടു വിമർശിക്കുന്ന വിജയ് ‘ജനനായകൻ’ വഴി ജനങ്ങളോട് സംസാരിക്കാൻ മറ്റൊരു വേദി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
പരാശക്തി: ‘ഹിന്ദി തെരിയാത് പോടാ’
ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തിയുടെ വിതരണാവകാശമാണ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റെഡ് ജയന്റ് മൂവീസ് നേടിയിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ‘രാഷ്ട്രീയ സിനിമ’ എന്നു തന്നെയാണ് പരാശക്തിയെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. 1965ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തെ ഭരണകക്ഷിയായ ഡിഎംകെ എതിർക്കുന്ന കാലഘട്ടത്തിൽ തന്നെയാണ് 60 വർഷം മുൻപ് നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ ഡിഎംകെ വീണ്ടും പരാശക്തിയിലൂടെ ഉപയോഗിക്കുന്നത്.
1952-ൽ ഉദയനിധിയുടെ മുത്തച്ഛനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ കരുണാനിധി എഴുതി നടൻ ശിവാജി ഗണേശനെ നായകനാക്കി പുറത്തിറങ്ങിയ പഴയ ‘പരാശക്തി’ കോളിവുഡിന്റെ ചരിത്രത്തിലെ തന്ന നാഴികക്കല്ലായി മാറിയ ചിത്രമാണ്. പുതിയ ‘പരാശക്തി’ ഒരു സിനിമ എന്നതിനപ്പുറം തമിഴ്നാടിന്റെ ദ്രാവിഡ രാഷ്ട്രീയം കൃത്യമായി ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ.
ദ് ബാറ്റിൽ ബിഗിൻസ്
അണ്ണാമലെയെ കേന്ദ്രനേതൃത്വത്തിലേക്ക് എടുക്കുന്നതോടെ ഇപിഎസിന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ എൻഡിഎ പാളയത്തിലേക്കു തിരികെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഉദയനിധിയെ സംബന്ധിച്ചിടത്തോളം, പിതാവിന്റെ നിഴലിൽനിന്നു മാറി പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് വളരുന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിലായി തമിഴകം കാണുന്നത്. 2024ലെ ഐതിഹാസിക വിജയത്തിന്റെ ക്രെഡിറ്റ് ഉദയനിധിക്കുള്ളതാണെന്നാണ് ഡിഎംകെയുടെ വാദം.
അണ്ണാ ഡിഎംകെ സ്ഥാപകനും മുൻമുഖ്യമന്ത്രിയുമായ എംജിആർ തമിഴ്നാട്ടിലെ ജനങ്ങളോട് ഒരു കാലഘട്ടത്തിൽ സംസാരിച്ചിരുന്നത് തന്റെ സിനിമകളിലൂടെയായിരുന്നു. ജനനായകനിലൂടെ വിജയ്യും ‘പരാശക്തി’യിലൂടെ ഉദയനിധിയും പഴയ എംജിആർ – കരുണാനിധി ഫോർമുല ആവർത്തിക്കുമോ? തമിഴകം വീണ്ടും രാഷ്ട്രീയ – സിനിമ കൂടിച്ചേരലുകൾക്കു കൂടി വേദിയാകുകയാണോ. 2026 നിയമസഭാ തിരഞ്ഞെടുപ്പ് വിജയ് എന്ന നടന്റെ രാഷ്ട്രീയ ഗ്രാഫ് അടിമുടി മാറ്റുമെന്ന് ഉറപ്പാണ്.