
ബത്തേരി: ക്ഷീരകര്‍ഷകര്‍ക്ക് വിഷുവും പെരുന്നാളും സന്തോഷത്തിന്റേതാക്കാനുള്ള നീക്കത്തിൽ സുല്‍ത്താന്‍ബത്തേരി പാല് വിതരണ സഹകരണ സംഘം. ഇതുവരെ അളന്ന പാലിന് രണ്ടര രൂപ വച്ച് അധിക വില നല്‍കുന്നതിലൂടെ സംഘത്തിന്റെ കീഴില്‍ വരുന്ന 2700 കര്‍ഷകര്‍ക്കായി 3.30 കോടി രൂപയാണ് വിതരണം ചെയ്യുക. ചില ക്ഷീര സംരംഭകര്‍ക്ക് എട്ട് ലക്ഷം രൂപയിലധികം ഈ തരത്തില്‍ ബോണസ് വില ലഭിക്കും. 2023- ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവില്‍ അളന്ന പാലിനാണ് ലിറ്ററിന് രണ്ടര രൂപ വച്ച് അധികം നല്കാന് സൊസൈറ്റി തീരുമാനമെടുത്തിരിക്കുന്നത്. ഇന്ന് മുതല്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് തുക കൈമാറിത്തുടങ്ങി.
കര്‍ഷകര്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധികളെ നേരിടുമ്പോള്‍ ലിറ്ററിന് രണ്ടര രൂപ അധികം നല്‍കാനുള്ള തീരുമാനം വലിയ ആശ്വാസകും. കാലിത്തീറ്റ വില വർധനവിലും കാലികളുടെ രോഗങ്ങളാലും വന്യമൃഗശല്ല്യത്താലും അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണ് വയനാട്ടിലെ ക്ഷീരകര്‍ഷകരുള്ളത്. ഏറ്റവും ചുരുങ്ങിയത് അയ്യായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും.
നായ്ക്കട്ടിയില്‍ ഡയറി ഫാം നടത്തുന്ന സംരംഭകന് എട്ട് ലക്ഷത്തിലധികം രൂപയാണ് ഇങ്ങനെ ബോണസ് വില ഇനത്തില്‍ ലഭിക്കുക. 1963 പ്രവര്‍ത്തനം തുടങ്ങിയ സുല്‍ത്താന്‍ബത്തേരി പാല് വിതരണ സഹകരണ സംഘം 60 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതായി സൊസൈറ്റി അധികൃതര്‍ വിശദമാക്കി.
നിലവില്‍ കടുത്ത വേനല്‍ കാരണം പച്ചപ്പുല്ലിന്റെ ക്ഷാമം അനുഭവിക്കുകയാണ് ക്ഷീരകര്‍ഷകര്‍. ഇത് മറികടക്കാനായി സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍നിന്നും ചോളത്തണ്ട് എത്തിച്ച് കിലോക്ക് 4.90 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. സ്വകാര്യ കച്ചവടക്കാര്‍ ആറ് രൂപ വരെ കിലോ ചോളത്തണ്ടിന് ഈടാക്കുന്നുണ്ട്. ഇതിന് പുറമെ തൊഴുത്ത് ഫ്ളോര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പതിനായിരം രൂപ വരെ കര്‍ഷകര്‍ക്ക് നല്കുന്നു. ഈ ഇനത്തില്‍ 5.7 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്തിട്ടുണ്ട്.
Last Updated Apr 9, 2024, 12:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]