
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര നേതാക്കളും സജീവമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ പി ബി അംഗങ്ങൾക്കൊപ്പം വരും ദിവസങ്ങളിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവരും കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയിലെത്തും. അഖിലേന്ത്യാ നേതാക്കള്‍ ഏപ്രിൽ 15 മുതൽ 23 വരെ സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പ്രസംഗിക്കുമെന്ന് സി പി എം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വിവരങ്ങൾ ഇങ്ങനെ
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ എന്നിവരാണ് വിവിധ പൊതുയോഗങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികള്‍ക്ക് വോട്ടഭ്യർഥിച്ച് സംസാരിക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ മണ്ഡലം പര്യടനത്തിന് പുറമേയാണ് അഖിലേന്ത്യാ തലത്തിലെ നേതാക്കളും രംഗത്തിറങ്ങുന്നത്.
സീതാറാം യെച്ചൂരി ഏപ്രിൽ 16 മുതൽ 21 വരെയുള്ള തിയതികളിൽ കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കുക. പിബി അംഗം പ്രകാശ് കാരാട്ട് തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, വടകര, കണ്ണൂർ, കാസർഗോഡ് പാർലമെന്റ് മണ്ഡലങ്ങളിൽ പ്രസംഗിക്കും. ഏപ്രിൽ 15 മുതൽ 22 വരെയുള്ള പരിപാടികളിലാണ് പ്രകാശ് കാരാട്ട് പങ്കെടുക്കുന്നത്. പിബി അംഗം ബ്രിന്ദാ കാരാട്ടിന്റെ പരിപാടി കണ്ണൂരിൽ ഏപ്രിൽ 15ന് ആരംഭിച്ച് പത്തനംതിട്ടയിൽ ഏപ്രിൽ 22ന് അവസാനിക്കുന്ന നിലയിലാണ് നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട്,ആലത്തൂർ, തൃശൂർ, ഇടുക്കി,എറണാകുളം മണ്ഡലങ്ങളിലെ പൊതു സമ്മേളനങ്ങളിലും ബ്രിന്ദാ കാരാട്ട് പ്രസംഗിക്കും. പിബി അംഗം തപൻ സെൻ ഏപ്രിൽ 16, 17, 18 തീയതികളിൽ കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. വടകര, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലും തപൻ സെൻ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സുഭാഷിണി അലി ഏപ്രിൽ 15 മുതൽ 22 വരെ സംസ്ഥാനത്തെ വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും. മലപ്പുറം, പൊന്നാനി, പാലക്കാട്,ചാലക്കുടി, ഇടുക്കി, കോട്ടയം, മാവേലിക്കര, കൊല്ലം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ സുഭാഷിണി അലി പ്രസംഗിക്കും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം വിജൂ കൃഷ്ണൻ ഏപ്രിൽ 17 മുതൽ 23 വരെയുള്ള ദിവസങ്ങളിലായി പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പൊന്നാനി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങളിൽ പ്രസംഗിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]