
വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ചുറ്റുമതിൽ പണിയുന്നത്. അതുകൊണ്ട് തന്നെ ഗുണമേന്മയുള്ള നിർമ്മാണവസ്തുക്കൾ ഉപയോഗിച്ച് വേണം മതിൽ പണിയേണ്ടത്. എന്നാൽ സുരക്ഷിതത്വം നോക്കി മാത്രം മതിൽ പണിയാൻ കഴിയില്ല. മതിലിന് നൽകുന്ന ഡിസൈനുകളിലും നമ്മൾ ഒരിക്കലും കോംപ്രമൈസ് ചെയ്യാറില്ല. അതുകൊണ്ട് തന്നെ കാണാൻ ഭംഗി കൂടിയതും കൂടുതൽ കാലം ഈടുനിൽക്കുന്നതുമായ രീതിയിൽ വേണം ചുറ്റുമതിൽ പണിയേണ്ടത്. ഗുണമേന്മക്കനുസരിച്ച് ഭംഗിയുള്ള രീതിയിൽ മതിൽ പണിയണമെങ്കിൽ ചിലവും അതിനൊപ്പം കൂടും. എന്നാൽ ഗുണമേന്മ ഒട്ടും കുറയാതെ തന്നെ നിങ്ങൾക്കിഷ്ടമുള്ള ഡിസൈനിൽ ചിലവ് കുറഞ്ഞ രീതിയിൽ മതിൽ പണിയാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.
പ്രീകാസ്റ്റ് വാൾ
കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന വാൾ പാനലാണ് പ്രീകാസ്റ്റ് വാൾ. ഇത് അകത്ത് നൽകാനും പുറത്ത് ഉപയോഗിക്കാനും സാധിക്കും. ഇത് മതിൽ പണിയേണ്ട സ്ഥാനത്ത് നേരിട്ട് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മോൾഡിൽ കോൺക്രീറ്റ് ഫിൽ ചെയ്താണ് ഇത് ചെയ്യുന്നത്.
ഗുണങ്ങൾ
1. പണവും സമയവും ലാഭിക്കാം.
2. കുറച്ച് സ്ഥലം മാത്രമേ ഇത് സ്ഥാപിക്കാൻ ആവശ്യം വരുന്നുള്ളൂ.
3. കോൺക്രീറ്റും സ്റ്റീലും ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ മതിലിന് നല്ല കെട്ടുറപ്പുണ്ടാകുന്നു.
4. എപ്പോൾ വേണമെങ്കിലും അഴിച്ചുമാറ്റാനും പുനഃസ്ഥാപിക്കാനും സാധിക്കും.
സിമന്റ് വാൾ
കോൺക്രീറ്റ് വാളുകൾ തന്നെയാണ് സിമന്റ് വാളുകളും. പല ആകൃതിയിലുള്ള സിമന്റ് കട്ടകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കരിങ്കല്ല് അല്ലെങ്കിൽ ചെങ്കല്ല് ഉപയോഗിച്ച് ഫൗണ്ടേഷൻ കെട്ടിയതിന് ശേഷം മതിൽ നിർമ്മിക്കാവുന്നതാണ്.
ഗുണങ്ങൾ
1. വളരെ ചിലവ് കുറഞ്ഞതും ചെറിയ രീതിയിൽ മാത്രം പരിപാലനവും ആവശ്യമായി വരുന്നുള്ളു.
2. ഏത് കാലാവസ്ഥക്കും അനുയോജ്യമായതാണ് സിമന്റ് ബ്രിക്ക് വാളുകൾ.
3. വാളിന് കൂടുതൽ കരുത്തും കെട്ടുറപ്പും നൽകുന്നു.
4. പല സൈസിലും ഡിസൈനിലും ഷെയ്പ്പിലും സിമന്റ് കട്ടകൾ ലഭ്യമാണ്.
ഫെറോസിമെൻറ് വാൾ
കനം കുറഞ്ഞ രീതിയിൽ മതിൽ നിർമ്മിക്കുന്നതിനാണ് ഫെറോസിമെൻറ് വാൾ എന്ന് പറയുന്നത്. മെറ്റൽ മെഷ് അല്ലെങ്കിൽ സ്റ്റീൽ റോഡിന് മേൽ സിമന്റ്, മണൽ, വെള്ളം എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താണ് മതിൽ നിർമ്മിക്കുന്നത്.
ഗുണങ്ങൾ
1. ലൈറ്റ് മെറ്റീരിയൽ ആയതുകൊണ്ട് തന്നെ എവിടേക്കും കൊണ്ട് പോകാൻ എളുപ്പമാണ്.
2. മറ്റ് മതിലുകൾ നിർമ്മിക്കുന്നത് പോലെ അധിക സമയം വേണ്ടി വരുന്നില്ല. പെട്ടെന്ന് നിർമ്മിക്കാൻ കഴിയുന്നതാണ് ഫെറോസിമന്റ് വാളുകൾ.
3. അധികനാൾ ഈടുനിൽക്കുന്നതുകൊണ്ട് തന്നെ വിള്ളൽ ഉണ്ടാകില്ല. കൂടാതെ കുറഞ്ഞ ചിലവിൽ മതിൽ നിർമ്മിക്കാനും സാധിക്കും.
പുനരുപയോഗിക്കാം
നിർമാണവസ്തുക്കളെ പുനരുപയോഗിച്ചും മതിൽ നിർമ്മിക്കാവുന്നതാണ്. പൊളിച്ച വീടിന്റെ ഓട്, ഇഷ്ടിക, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് ചിലവ് കുറച്ച് മതിൽ പണിയാൻ സാധിക്കുന്നതാണ്.
സുരക്ഷ
വീടിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ചുറ്റുമതിൽ പണിയുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ വീടിരിക്കുന്ന സ്ഥലം മനസ്സിലാക്കിയതിന് ശേഷം മതിൽ പണിയാം. അതായത് റോഡിന്റെ വശത്തുള്ള വീടാണെങ്കിൽ മതിൽ കൂടുതൽ ഉയരത്തിൽ വേണം നിർമ്മിക്കേണ്ടത്. ഇനി ഇഴജന്തുക്കൾ ഉള്ള സ്ഥലമാണെങ്കിൽ അവ കേറിവരാൻ സാധ്യതയില്ലാത്ത രീതിയിൽ മതിൽ പണിയാം. ചിലവ് കുറഞ്ഞ രീതിയിൽ മതിൽ പണിയുന്നതാണ് എപ്പോഴും നല്ലത്.
വീടിന് ഇന്റീരിയർ ഒരുക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]