
കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയുടേയും അയൽവാസിയായ യുവാവിൻ്റേയും മൃതദേഹം പെൺകുട്ടിയുടെ വീടിൻ്റെ തൊട്ടടുത്ത് തന്നെയാണ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് അംഗമായ അശോക് ഭണ്ഡാരി. ഇവരെ കാണാതായ അന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടാവണം എന്നാണ് സംശയിക്കുന്നത്. പെൺകുട്ടിയുമായി ഇയാൾ നാടുവിട്ടിരിക്കുമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ ഫോണിൻ്റെ ലൊക്കേഷൻ വീടിനടുത്ത് തന്നെ കാണിക്കുകയായിരുന്നുവെന്നും പഞ്ചായത്തംഗം പറഞ്ഞു.
വീടിൻ്റെ പ്രദേശത്തുള്ള കുന്നിനടുത്ത് പരിശോധിച്ചിരുന്നു. അവിടെ നിന്ന് ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ നാട്ടുകാരോടൊപ്പം പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് താഴെ എത്തിയപ്പോൾ മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ വീടിൻ്റെ 200 മീറ്ററിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെയുള്ള ഗ്രൗണ്ടിനടുത്താണ് കണ്ടത്. ഇവിടെ അക്കേഷയുടെ ചെറിയ തൈ മരങ്ങളാണ് ഉള്ളത്. വീടിൻ്റെ അടുത്ത് തിരയേണ്ടതില്ലല്ലോ എന്ന് കരുതി പരിശോധിച്ചില്ലെന്നും അശോക് ഭണ്ഡാരി പറയുന്നു.
15കാരിയും ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നൽകിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചുകിടക്കുന്ന പ്രദേശമാണിത്. തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതൽ തെരച്ചിൽ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചിൽ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആദ്യം കാണാതായെന്ന പരാതി ഉയരുകയും പിന്നീട് ദിവസങ്ങള്‍ക്കുശേഷം വീടിന് സമീപത്തെ ഗ്രൗണ്ടിനോട് ചേര്‍ന്ന് മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുകയാണ്.
ഏഴാറ്റുമുഖം ഗണപതിയുടെ ആരോഗ്യനില തൃപ്തികരം; അടിയന്തിര ചികിത്സ ആവശ്യമില്ലെന്ന് വനം വകുപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]