
ദില്ലി: വിവാഹിതനാവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ 29കാരനായ മകനെ മുഖത്തും നെഞ്ചിലും കുത്തിപരിക്കേൽപ്പിച്ച് കൊല്ലാൻ പിതാവിനെ പ്രേരിപ്പിച്ചത് ഭാര്യയോടുള്ള പ്രതികാരം. ദില്ലിയിൽ ജിം ട്രെയിനറായ മകനെ നാല് മാസം നീണ്ട പ്ലാനിംഗിന് ശേഷമാണ് 54കാരനായ പിതാവ് ഫെബ്രുവരി 7ന് കൊലപ്പെടുത്തിയത്. 15ലേറെ തവണയാണ് മുഖത്തും നെഞ്ചിലുമായി പിതാവായ റാംഗ് ലാൽ മകനായ ഗൌരവ് സിംഗാളിനെ കുത്തിയത്. ദക്ഷിണ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു ക്രൂരമായ അതിക്രമം നടന്നത്.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ 54കാരനായ റാംഗ് ലാലിനെ ജയ്പൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയോടുള്ള പ്രതികാരമാണെന്ന് വ്യക്തമായതെന്നാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്. ഫെബ്രുവരി 7ന് അർധരാത്രിയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഗൌരവിനെ കണ്ടെത്തിയത്. ഉടനേ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയുമായും മകനുമായും നല്ല രീതിയിലുള്ള ബന്ധമായിരുന്നില്ല ഇയാൾക്കുണ്ടായിരുന്നത്.
മാസങ്ങൾ നീളുന്ന പദ്ധതി തയ്യാറാക്കലിനൊടുവിൽ പണം നൽകി കൊലപാതകത്തിന് സഹായിക്കാനായി മൂന്ന് പേരെയും ഇയാൾ ഏർപ്പാട് ചെയ്തിരുന്നു. മകനെ കൊല ചെയ്തത് ശരിയായ കാര്യമെന്ന രീതിയിലാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. മകന്റെയും വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയുടേയും ജീവിത രീതികളോട് 54കാരന് താൽപര്യമുണ്ടായിരുന്നില്ല. മകന്റ തീരുമാനങ്ങളെ ഭാര്യ പിന്തുണച്ചിരുന്നതും ഇയാൾക്ക് ഇഷ്ടമായിരുന്നില്ല. മകന് അപകടമുണ്ടാക്കി ഭാര്യയെ പാഠം പഠിപ്പിക്കാനുള്ള പദ്ധതിയിലാണ് 29കാരന് ജീവൻ നഷ്ടമായത്. വീട്ടിൽ നിന്ന് 50 ലക്ഷം രൂപ വില വരുന്ന സ്വർണവും 15 ലക്ഷം രൂപയും എടുത്തായിരുന്നു കൊലപാതകത്തിന് പിന്നാലെ ഇയാൾ കടന്നുകളഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Mar 9, 2024, 1:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]