
കോഴിക്കോട്: ഫാന്‍സി – ഫൂട്ട്വിയര്‍ കടയില്‍ മോഷണം നടത്തിയ പ്രതിയും പ്രായപൂര്‍ത്തിയാവാത്ത കൂട്ടുപ്രതിയും പിടിയില്‍. കാട്ടിലപ്പീടിക പരീക്കണ്ടിപ്പറമ്പില്‍ സായ് കൃഷ്ണ (20) ഇയാളുടെ സുഹൃത്തായ പതിനേഴ് വയസ്സുകാരന് എന്നിവരെയാണ് നടക്കാവ് പൊലീസ് ഇന്ന് വൈകീട്ട് പിടികൂടിയത്. കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്തുള്ള മണവാട്ടി ഫാന്‍സിയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
രാത്രി ഏഴോടെ കസ്റ്റമറെന്ന വ്യാജേന ഇവര്‍ കടയിലെത്തുകയായിരുന്നു. കടയില്‍ സാധനം വാങ്ങാനായി ആളുകള്‍ ഉള്ള സമയം നോക്കിയാണ് ഇവരും എത്തിയത്. ഉടമയുടെ ശ്രദ്ധ പതിയുന്നില്ലെന്ന് ഉറപ്പാക്കിയ പ്രതികള്‍ കാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന 8000 രൂപ കൈക്കലാക്കുകയായിരുന്നു. പണം കൈക്കലാക്കിയ ശേഷം പ്രതികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടു.
ഉടമയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികളെ തിരിച്ചറിയുകയായിരുന്നു. നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ ജിജോ, എസ് ഐ ലീല എന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകാന്ത്, ഷിജു കാപ്പാട്, ശിഹാബുദ്ധീന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും തൃശൂരിൽ 72 ലിറ്റർ വിദേശ മദ്യവുമായി പിടിയിലായി എന്നതാണ്. ഇരിങ്ങാലക്കുട എക്സൈസാണ് ഇവരെ 72 ലിറ്റർ വിദേശ മദ്യമായി പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന വിദേശ മദ്യം പിടികൂടിയത്. കൊടകര ആളൂര്‍ റോഡില്‍ പാലത്തിന് സമീപത്ത് നിന്നും വ്യാഴാഴ്ച്ച രാവിലെയാണ് എക്സൈസ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മാലാപറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരെയാണ് പിടികൂടിയത്. പരിശോധനകള്‍ ഒഴിവാക്കുവാനായി ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു ഇവരുടെ യാത്ര. 9 കെയ്സുകളിലായാണ് 72 ലിറ്ററോളം മൂന്ന് ബ്രാന്റുകളിലായുള്ള മദ്യം കണ്ടെത്തിയത്. മദ്യം കടത്താന്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട എത്തിയോസ് എന്ന കാറും എക്സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Last Updated Mar 9, 2024, 1:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]