
കോട്ടയം: കോട്ടയത്ത് മണർകാട് ഓടയ്ക്കുള്ളിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മണർകാട് സ്വദേശി പുതുപ്പറമ്പിൽ അനി (ബിനു -55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം. സ്കൂട്ടറിന്റെ ടയർ മാത്രം ഓടക്കു മുകളിൽ ഉയർന്നുനിൽക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അപകടം ആളുകൾ അറിഞ്ഞത്. ഉടൻതന്നെ വാഹനമുയർത്തി അനിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദേശീയപാത 183 ൽ മണർകാട് ഐരാറ്റുനട തലപ്പാടി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. വിദേശത്തായിരുന്ന അനി, മടങ്ങിയെത്തി പ്ലംബിംഗ് കോൺട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. തലപ്പാടി എൽ പി സ്കൂളിലെ അധ്യാപിക ആൻസിയാണ് ഭാര്യ.
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പഴഞ്ഞി അയിനൂര് ചീനിക്കല്‍ അമ്പലത്തിനു മുന്പില് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു എന്നതാണ്. പഴഞ്ഞി സ്വദേശിനി ആശാരി വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജയശ്രീ (50) യാണ് മരിച്ചത്. നീതു, നിഖില എന്നിവരാണ് ജയശ്രീയുടെ മക്കള്‍. കഴിഞ്ഞ ദിവസം രാവിലെ 9.30 നാണ് അപകടമുണ്ടായത്. പഴഞ്ഞി ഭാഗത്ത് നിന്ന് കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്, റോഡ് മുറിച്ചു കടക്കുകയായിരുന്ന ജയശ്രീയെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ വീട്ടമ്മയുടെ തല സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റത്തിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ ജയശ്രീ മരിച്ചെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വടക്കേക്കാട് സ്വദേശികളായ വെട്ടിശ്ശേരി വീട്ടില്‍ ഹരി (20), സുഹൃത്ത് അമല്‍ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീട്ടമ്മയെ ഇടിച്ച ബൈക്ക് കുറച്ചു ദൂരം നിരങ്ങി നീങ്ങിയതിനെ തുടര്‍ന്നാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്കേറ്റത്. അപകടത്തില്‍ ബൈക്കിന്റെ മുന്‍വശം തകര്‍ന്നു.
Last Updated Mar 8, 2024, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]