
കട്ടപ്പന: പ്രായം 73 ആയില്ലേ ഈ കൃഷിയൊക്കൊ ഒന്ന് നിർത്തി കൂടെയെന്ന് ചോദിച്ചാൽ, “ശരി എന്നാലിനി കുറച്ച് ഓട്ട മത്സരത്തിന് പോകാം, അത് കഴിഞ്ഞ് കുറച്ച് വോളിബോളും കളിച്ചേക്കാം” എന്ന് പറയും കട്ടപ്പന വെള്ളയാംകുടി കളപ്പുരയ്ക്കൽ സെബാസ്റ്റ്യൻ തോമസ് എന്ന 73 കാരൻ. കൃഷിക്കായി മണ്ണിലിറങ്ങിയാൽ പൊന്ന് വിളയണം, ഓട്ടത്തിനായി ഗ്രൗണ്ടിലിറങ്ങിയായി പൊന്ന് നേടണം, വോളിബോളിനിറങ്ങിയാൽ എതിരാളിയുടെ കണ്ണിൽ പൊന്നീച്ച പറക്കണം ഇങ്ങനെ പൊന്നു വിട്ടൊരു കളിയില്ല സെബാസ്റ്റ്യൻ തോമസിന്. അടുത്തിടെ നടന്ന മാസ്റ്റഴ്സ് അത്ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണം നേടിയവരിൽ സെബാസ്റ്റ്യൻ തോമസും ഉണ്ടായിരുന്നു. റിലേ മത്സരത്തിലൂടെയാണ് കേരളത്തിനായി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.
എഴുപതുകളിലും പതറാത്ത ആവേശം
പൂനെയിൽ നടന്ന 44 മത് മാസ്റ്റഴ്സ് അത്ലറ്റിക് ദേശീയ മീറ്റിലാണ് ഹൈറേഞ്ചിന് അഭിമാനമായി സെബാസ്റ്റ്യൻ തോമസ് കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയത്. റിലേ മത്സരത്തിലായിരുന്നു നേട്ടം, കോട്ടയം, തൃശൂർ, മലപ്പുറം സ്വദേശികളാണ് റിലേയിലെ സഹകളിക്കാരായി ഉണ്ടായിരുന്നത്. എഴുപത്തിമൂന്ന് കാരനായ സെബാസ്റ്റ്യൻ വോളിബോളിലൂടെയാണ് കായിക രംഗത്ത് എത്തിയത്. കൃഷിക്കൊപ്പം വോളിബോളിനെയും പ്രണയിച്ചതോടെ പിൽക്കാലത്ത് അറിയപ്പെടുന്ന പ്ലെയറായി മാറുവാൻ ഇദ്ദേഹത്തിനായി, കായിക മേഖലയിൽ പ്രായമൊരു പ്രശ്നമല്ല എന്നതിന് ഉദാത്ത മാതൃകയാണ് ഇദ്ദേഹം.
ഓട്ടത്തിൽ മാത്രമല്ല, ചാട്ടത്തിലും ജേതാവ്
എൺപതുകളുടെ അവസാന ഘട്ടത്തിൽ മഞ്ഞപ്പാറ ക്രിസ്തുരാജ സ്കൂളിൽ വിദ്യാർത്ഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുവാനും സെബാസ്റ്റ്യൻ തോമസ് സമയം കണ്ടെത്തിയിട്ടുണ്ട്. പിന്നീട് മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റുകളിലേയ്ക്ക് നിരവധി സുഹൃത്തുക്കളെ എത്തിക്കുവാനും മത്സരിപ്പിക്കുവാനും ഇദ്ദേഹത്തിനായി. കായികപ്രതിഭകൾ ഏറെയുള്ള കട്ടപ്പനയിൽ ഗ്രൗണ്ടിൻ്റെ അഭാവം വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് സെബാസ്റ്റ്യൻ പറയുന്നു. സംസ്ഥാന തലത്തിൽ ലോംങ് ജംപ്, ഹൈജംപ്, 200 മീറ്റർ ഓട്ടം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ തലത്തിൽ മത്സരിച്ചത്. അന്നമ്മയാണ് ഇദ്ദേഹത്തിൻ്റെ ഭാര്യ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Mar 9, 2024, 12:42 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net