ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.
ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കമാണ് ആക്രമണത്തിന് കാരണമന്ന് പൊലീസ് പറഞ്ഞു. മാന്നാർ – മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെയാണ് സെന്റ് ജോർജ് ബസിലെ ഡ്രൈവർ മിഥുൻമോനും കണ്ടക്ടർ ദേവപ്രസാദും ചേർന്ന് മർദ്ദിച്ചത്. ബസ് ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു ആക്രമണം.
കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയപ്പോഴാണ് സ്വകാര്യ ബസ് വട്ടം നിർത്തുകയും അതിലെ ജീവനക്കാർ അതിക്രമിച്ച് കയറുകയും ചെയ്തത്. തുടർന്ന് പ്രതികൾ കെഎസ്ആർടിസി ജീവനക്കാരെ അസഭ്യം പറഞ്ഞു.
പിന്നീട് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു. കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയുണ്ട്.
കെഎസ്ആർടിസി ബസിൽ യാത്രക്കാരുളളപ്പോഴായിരുന്നു അതിക്രമം. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാന്നാർ പൊലീസ് എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജീവനക്കാരെ മർദ്ദിച്ചതിനും സ്വകാര്യ ബസ് പ്രതികൾക്കെതിരെ കേസെടുത്തത്.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങി. വിശദമായ റിപ്പോർട്ട് നൽകുന്നതിന് മോട്ടോർ വാഹന വകുപ്പ് അസിസ്റ്റൻ്റ് വെഹിക്കിൾ ഇൻസ്പെക്ടർ ഷഫീസിനെ ചുമതലപ്പെടുത്തി.
സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോകുമെന്ന് മാവേലിക്കര ജോയിൻ്റ് ആർ.ടി.ഒ. ജി മനോജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

