
ഷാർജ : യുഎഇയിലെ അറബി അറിയാത്ത പ്രവാസികൾക്കും ഇനി വെള്ളിയാഴ്ച പ്രഭാഷണങ്ങൾ മനസ്സിലാക്കാനും ഇഷ്ട ഭാഷയിൽ കേൾക്കാനും കഴിയും. ഇസ്ലാം മത കാര്യങ്ങളും പ്രാർത്ഥനാ സമയങ്ങളും അറിയുന്നതിനായുള്ള മിൻബാർ ആപ്ലിക്കേഷൻ വഴി വെള്ളിയാഴ്ച പ്രഭാഷണത്തിന്റെ തത്സമയ വിവർത്തനങ്ങൾ അറിയാൻ കഴിയുമെന്ന് ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. മലയാളം ഉൾപ്പടെ 40 ഭാഷകളിലായാണ് പ്രഭാഷണങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നത്.
ഷാർജ എമിറേറ്റിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ അൽ-സെയ്ഫിലെ അൽ-മഗ്ഫിറ പള്ളിയിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. അവിടുത്തെ വെള്ളിയാഴ്ച പ്രഭാഷണങ്ങളാണ് ആപ്പിലൂടെ വിവർത്തനം ചെയ്യപ്പെടുന്നത്. ഇസ്ലാമിക സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും മത പ്രഭാഷണങ്ങളും മതോപദേശങ്ങളും അറബി അറിയാത്ത പ്രവാസി സമൂഹത്തിന് എത്തിക്കുന്നതിന്റെയും ഭാഗമായാണ് മിൻബാർ ആപ്പിൽ പുതിയ സേവനം ഉൾപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
മിൻബാർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ശേഷം ഇഷ്ട ഭാഷ തിരഞ്ഞെടുക്കാം. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു എന്നിവയുൾപ്പെടെ 40 ഭാഷകൾ ആപ്പിൽ ലഭ്യമാണ്. ഗദ്യ രൂപത്തിലോ ശബ്ദ രൂപത്തിലോ പ്രഭാഷണത്തിന്റെ വിവർത്തനങ്ങൾ ലഭ്യമാകും. കൂടാതെ, ഇവ സൂക്ഷിച്ച് വെക്കാനും എപ്പോൾ വേണമെങ്കിലും വീണ്ടും കേൾക്കാനും കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് പ്രഭാഷണം തത്സമയം വിവർത്തനം ചെയ്യപ്പെടുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ, ഭാഷാ പരിമിതികളില്ലാതെ മത പ്രഭാഷണങ്ങൽ ഇതോടെ കേൾക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]