
.news-body p a {width: auto;float: none;}
കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിലും ഹോസ്ദുർഗ് താലൂക്കിലെ ചില ഭാഗങ്ങളിലും ഇന്നലെ പുലർച്ചെ ഒന്നരയോടെയുണ്ടായ നേരിയ ഭൂചലനം പരിഭ്രാന്തി പരത്തി. കനത്ത ഇടിമുഴക്കത്തെ തുടർന്നുണ്ടാകാറുള്ള വിറയൽ പോലെ ജനലുകളും മറ്റും വിറച്ചതായാണ് പല വീട്ടുകാരും പറഞ്ഞത്.
ബിരിക്കുളം, കൊട്ടമടൽ, പരപ്പ, ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. പരപ്പ, പാലംകല്ല് ഭാഗത്തും അനുഭവപെട്ടു. ഇവിടങ്ങളിൽ നാലഞ്ച് സെക്കൻഡ് അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.
കട്ടിൽ ഉൾപ്പെടെ കുലുങ്ങി. തടിയൻ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ ചിലർ വീടുകളിൽ നിന്നും പുറത്തേക്ക് ഓടി. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ -കരിന്തളം, ബളാൽ പഞ്ചായത്തുകളിൽ വലിയമുഴക്കം ഉണ്ടായി. വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചു. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തഹസിൽദാർ പി.വി.മുരളി അറിയിച്ചത്.
ഹോസ്ദുർഗ് താലൂക്കിലെ ചീമേനി അമ്മംകോട് ഭാഗത്തും മടിക്കൈ വില്ലേജിൽ ബങ്കളം പ്രദേശത്തും അസാധാരണ ശബ്ദം കേട്ടതായി ആളുകൾ പറഞ്ഞു.ഹോസ്ദുർഗ് തിമിരി വില്ലേജിൽ പിലാവളപ്പ് ഭാഗത്ത് പുലർച്ചെ 1.10 ഓടെ ചെറിയ കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തുണ്ടായ മൂന്ന് ചെറിയ ഭൂകമ്പങ്ങളുടെ പ്രകമ്പനമാകാം ജില്ലയിലുണ്ടായത്- ദുരന്തനിവാരണ അതോറിറ്റി അധികൃതർ
ഭൂചലനം ഇങ്ങനെ
റിക്ടർ സ്കെയിലിൽ രണ്ടുമുതൽ മൂന്നുവരെ തീവ്രതയുള്ള കമ്പനങ്ങളെ നേരിയ ഭൂചലനം എന്ന വിഭാഗത്തിലാണ് പെടുത്തുന്നത്. ഭൂമിയുടെ ചില ഭാഗങ്ങളിൽ സംഭരിക്കപ്പെടുന്ന മർദ്ദം പെട്ടെന്ന് മോചിതമാകുമ്പോഴാണ് ഭൂചലനം അനുഭവപ്പെടുന്നത്.വലിയ ഭൂകമ്പ സാദ്ധ്യതയില്ലാത്ത പല പ്രദേശങ്ങളിലും ധാരാളം ചെറിയ ചലനങ്ങളിലൂടെ പല തവണകളായി മർദ്ദം പുറത്തേക്കു പോകുന്നു. ക്രമേണ ഭൂചലനത്തിന്റെ തീവ്രതയും കുറയുന്നതായാണ് പൊതുവെ കണ്ടുവരുന്നത്.
ആഘാതം ഭൂഘടനയെ ആശ്രയിച്ച്
ഭൂചലനത്തിന്റെ ആഘാതം അതാതു പ്രദേശത്തെ ശിലകൾ, മണ്ണ്, എന്നിവയുടെ സ്വഭാവം ഭൂചലന കേന്ദ്രത്തിന്റെ ആഴം എന്നിവയെ ആശ്രയിച്ചിരിക്കും. ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവ കേന്ദ്രത്തിന്റെ ആഴം പ്രതലത്തിൽ നിന്നും ഏതാണ്ട് 5 – 6 കിലോമീറ്ററിൽ താഴെ വരുമ്പോഴാണ് വലിയ മുഴക്കങ്ങൾ കേൾക്കുന്നത്. ആഴം കുറഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് തരംഗങ്ങൾ പുറപ്പെട്ട് അത് വായുവുമായി കലരുമ്പോഴാണ് മുഴക്കമുണ്ടാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തിൽ നേരിയ ചലനം മാത്രം
കേരളത്തിൽ കഴിഞ്ഞ പല നൂറ്റാണ്ടുകളായി നേരിയ തോതിൽ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്ര രേഖയിൽ സ്ഥാനം പിടിച്ചിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ഭൂകമ്പം 1341 ൽ മലബാർ തീരപ്രദേശത്തുണ്ടായ ഭൂകമ്പമാണ്. കേരളത്തിൽ ഉപകരണങ്ങളാൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഭൂചലനം 2000 ഡിസംബർ 12ാം തീയതി ഈരാറ്റുപേട്ടക്കു സമീപമുണ്ടായ 5 തീവ്രതയുള്ളതാണ്.