
ബൊഗോത: കൊക്കെയ്ന് നിയമപരമായ അനുമതി നൽകിയാൽ മാഫിയകളെ തകർക്കാൻ കഴിയുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. കൊക്കെയ്ൻ നിയമവിരുദ്ധമാകാൻ കാരണം അത് ലാറ്റിനമേരിക്കയിൽ നിന്നാണ് വരുന്നത് എന്നതുകൊണ്ടാണെന്നും അല്ലാതെ കൊക്കെയ്ൻ വിസ്കിയെക്കാൾ മോശമായതുകൊണ്ടല്ലെന്നും ഗുസ്താവോ പെട്രോ അഭിപ്രായപ്പെട്ടു.
അനധികൃത കൊക്കെയ്ൻ കടത്ത് ചെറുക്കാൻ മദ്യം പോലെ കൊക്കെയ്നും നിയമവിധേയമാക്കണമെന്ന് പെട്രോ നിർദ്ദേശിച്ചു. സമാധാനം വേണമെങ്കിൽ മയക്കുമരുന്ന് മാഫിയയെ തകർക്കണം. ലോകത്ത് കൊക്കെയ്ൻ നിയമവിധേയമാക്കിയാൽ മാഫിയയെ എളുപ്പത്തിൽ തകർക്കാം. അത് വീഞ്ഞ് പോലെ വിൽക്കപ്പെടുമെന്നും ഗുസ്താവോ പെട്രോ പറഞ്ഞു.
2022 ൽ അധികാരമേറ്റ ശേഷം മയക്കുമരുന്ന് കടത്ത് കൈകാര്യം ചെയ്യുമെന്നും നിയമവിരുദ്ധ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുമെന്നും പറഞ്ഞ ഗുസ്താവോ പെട്രോ നിലപാടിൽ മലക്കം മറിഞ്ഞതായി ആരോപണമുണ്ട്. അദ്ദേഹം അധികാരത്തിൽ വന്നതിനുശേഷം, കൊളംബിയയിൽ കൊക്കെയ്ൻ ഉത്പാദനം കുതിച്ചുയർന്നുവെന്നാണ് പരാതി.
കൊളംബിയയിലെ കൊക്ക ഇലകളുടെ കൃഷി മുൻ വർഷത്തേക്കാൾ 2023-ൽ 10 ശതമാനം വർദ്ധിച്ചു എന്നാണ് റിപ്പോർട്ട്. കൊക്കെയ്ൻ ഉൽപ്പാദനം 2,600 മെട്രിക് ടണ്ണിൽ കൂടുതലായി. അതായത് 53 ശതമാനം വർധനവ് രേഖപ്പെടുത്തിയെന്ന് കഴിഞ്ഞ ഒക്ടോബറിൽ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം അറിയിച്ചു.
സിന്തറ്റിക് മരുന്നായ ഫെന്റനൈലാണ് അമേരിക്കക്കാരെ കൊല്ലുന്നതെന്നും ഇത് പക്ഷേ കൊളംബിയയിൽ ഉണ്ടാക്കുന്നതല്ലെന്നും ഗുസ്താവോ പെട്രോ പറഞ്ഞു. ഫെന്റനൈൽ ഫാർമസി മരുന്നായി നോർത്ത് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ സൃഷ്ടിച്ചതാണ്. അത് ഉപയോഗിക്കുന്ന അമേരിക്കക്കാർ അതിൽ ആസക്തരാവുകയാണെന്നും ഗുസ്താവോ പെട്രോ പറയുന്നു.
കൊളംബിയൻ കുടിയേറ്റക്കാരെ കുറ്റവാളികളെ പോലെയാണ് യുഎസ് പരിഗണിക്കുന്നതെന്ന് പറഞ്ഞ ഗുസ്താവോ പെട്രോ, രണ്ട് യുഎസ് സൈനിക വിമാനങ്ങളെ കൊളംബിയയിൽ ലാൻഡ് ചെയ്യാൻ അനുവദിച്ചിരുന്നില്ല. പിന്നീട് കൊളംബിയ സ്വന്തം വിമാനങ്ങളിൽ പൌരന്മാരെ ഇറങ്ങാൻ അനുവദിച്ചു. ഇത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾക്ക് പിന്നാലെയാണ് ലഹരിമരുന്ന് സംബന്ധിച്ച അഭിപ്രായ പ്രകടനം.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസ് റിപ്പോർട്ട് പ്രകാരം കൊക്കെയ്ൻ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഫെന്റനൈൽ പോലുള്ള സിന്തറ്റിക് ഒപിയോയിഡുകളുടെ ഓവർ ഡോസ് മരണങ്ങൾക്ക് കാരണമാകുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]