![](https://newskerala.net/wp-content/uploads/2025/02/archbishop.1.3130934.jpg)
കണ്ണൂർ: സംസ്ഥാന ബഡ്ജറ്റിൽ ഭൂനികുതി വർദ്ധപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വർദ്ധനവെന്ന് അദ്ദേഹം തുറന്നടിച്ചു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത നേതൃസംഗമത്തിലാണ് ആർച്ച് ബിഷപ്പിന്റെ പരാമർശം.
‘ കർഷകന്റെ കൃഷിഭൂമിയുടെ നികുതി വർദ്ധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആദായ മാർഗമായി മന്ത്രി കരുതുന്നു എങ്കിൽ നിങ്ങൾ കർഷകനെ മാനിക്കുന്നില്ല, കർഷകന്റെ മഹത്വം അറിയുന്നില്ല. സർക്കാർ നിലപാട് കർഷക വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളനിരക്ക് വർദ്ധിപ്പിക്കുന്നതിനുവേണ്ടി കർഷകരുടെ കഴുത്തിന് പിടിച്ച് ഞെക്കാൻ ശ്രമിക്കുന്ന ഈ നിലപാട് കർഷക വിരുദ്ധമാണ്. കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റിലാകട്ടെ, കേരള സർക്കാരിന്റെ ബഡ്ജറ്റിലാകട്ടെ മലയോരത്തെ കർഷകരെ ചേർത്തുപിടിക്കാൻ പോരുന്ന അടിസ്ഥാനപരമായ നിലപാടുകൾ ഒന്നും ഉണ്ടായിരുന്നില്ല’- ആർച്ച് ബിഷപ്പ് പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ ഭൂനികുതി 50 ശതമാനം കുത്തനേ കൂട്ടുകയായിരുന്നു. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് പുറമേ കോർട്ട് ഫീസ്, ആർബിട്രേഷൻ, ലാൻഡ് അക്വിസിഷൻ റഫറൻസ്, പൊതുതാത്പര്യഹർജി എന്നിവയുടെ ഫീസ് വർദ്ധിപ്പിച്ച് 150കോടിയും ഇലക്ട്രിക് നാലു ചക്രവാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ച് 30കോടി അധിക വരുമാനവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സർക്കാർ ഭൂമിയുടെ പാട്ട കുടിശിക പിരിച്ചെടുക്കാൻ ഒറ്റത്തവണ തീർപ്പാക്കലിലൂടെ 436 കോടിയുടെ അധികവരുമാനവും കോൺട്രാക്ട് കാര്യേജുകളുടേയും സ്റ്റേജ് കാരിയറുകളുടേയും മോട്ടോർ വാഹന നികുതി ഏകീകരണത്തിലൂടെ മറ്റൊരു 15കോടിയും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇതെല്ലാം പൊതുജനത്തെ നേരിട്ടുതന്നെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇപ്പോൾ തന്നെ ജീവിത ഭാരംകൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനത്തിന് ഇത് കടുത്ത ആഘാതമായിരിക്കും ഉണ്ടാക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.