
വർക്കല: തിരുവനന്തപുരം വർക്കലയിൽ കടലിന്റെ അടിത്തട്ടിൽ നിന്ന് ദശാബ്ദങ്ങൾ പഴക്കമുള്ള കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തി സ്കൂബ സംഘം. അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം നെടുങ്കണ്ട തീരത്തിന് സമീപത്തായാണ് 45 മീറ്റർ ആഴത്തിൽ കപ്പൽ കണ്ടെത്തിയത്. നൂറ്റാണ്ടുകൾക്ക് മുമ്പ് വർക്കല തീരത്ത് മുങ്ങിപ്പോയ ഡച്ച് കപ്പലിന്റെ അവശിഷ്ടമാണ് ഇതെന്നാണ് കരുതുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ വർക്കല തീരത്ത് സ്കൂബ ഡൈവിംഗ് നടത്തുന്ന വർക്കല വാട്ടർ സ്പോർട്സിന്റെ സംഘമാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വർക്കലയിൽ നിന്ന് എട്ട് കി.മീ അകലെയുള്ള അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം നെടുങ്കണ്ട തീരത്ത് കടലിൽ 45 മീറ്റർ താഴ്ചയിലാണ് കപ്പലുള്ളത്. 12 മീറ്റർ നീളം ഉയരം തോന്നിക്കുന്ന, അമ്പത് മീറ്ററിനടുത്ത് നീളമുള്ള കപ്പൽ ആകെ പായൽ മൂടിയ അവസ്ഥയിലാണുള്ളത്. ഈ പ്രദേശത്ത് സ്ഥിരമായി സ്കൂബ ഡൈവിംഗ് നടത്തുന്ന നാലംഗ സംഘമാണ് കപ്പൽ കണ്ടത്.
45 മീറ്റർ താഴ്ചയിൽ കടലിനടിയിൽ അധികം നേരം ചെലവാക്കാൻ സാധിക്കാത്തതിനാൽ, കൂടുതൽ കാഴ്ചകൾ പകർത്താനാവാത്ത വിഷമം ഉണ്ടെങ്കിലും അപൂർവ്വമായ കണ്ടെത്തലിന് കാരണമായതിന്റെ സന്തോഷത്തിലാണ് സ്കൂബാ ഡൈംവിഗ് സംഘമുള്ളത്. നൂറ്റാണ്ടുകൾക്ക് മുമ്പ് വർക്കല – അഞ്ചുതെങ്ങ് ഭാഗത്ത് വച്ച് ആക്രമിക്കപ്പെട്ട്, പിന്നെ കടലിൽ മുങ്ങിപ്പോയ ഡച്ച് കപ്പലിന്റെ അവശിഷ്ടമാകാം കണ്ടതെന്നാണ് നാട്ടുകാരുടെ നിഗമനം.
ഈ ഭാഗത്ത് കപ്പൽ മുങ്ങികിടക്കുന്നതായി മത്സ്യതൊഴിലാളികൾ നേരത്തെ കണ്ടെത്തിയിരുന്നു. 2021 മുതൽ വർക്കല തീരത്ത് സ്കൂബാ ഡൈംവിംഗിന് അനുമതിയുണ്ട്. ഡൈവിംഗിനായുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്താനുള്ള യാത്രയിലാണ് സ്കൂബാ സംഘത്തിന് വർക്കലയിലെ ടൈറ്റാനിക് കണ്ടെത്താനായത്.
Last Updated Feb 9, 2024, 11:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]