
7:59 PM IST:
പാലക്കാട് പേവിഷബാധയറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത്. പേവിഷ ബാധ മൂലമാണ് മരണമെന്ന് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പേവിഷ ബാധ മൂലമാണ് മരിച്ചതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ സ്ഥിരീകരിച്ചു. ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ് ആക്രമിക്കുകയായിരുന്നു. മുഖത്താണ് കടിയേറ്റത്. താടിയെല്ലിനും ചെവിക്കും കടിയേറ്റു. പരിക്കേറ്റ ഇവര്‍ ഉടൻ തന്നെ ചികിത്സ തേടി. തുടര്‍ന്ന് പേവിഷ ബാധക്കെതിരായ മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു
7:10 PM IST:
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട പുതിയ കണക്കുകളില്‍ വ്യക്തമാക്കുന്നത്. ആകെ വോട്ടര്‍മാരില്‍ പുരുഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്.
7:08 PM IST:
ഇടുക്കിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.ഇന്ന് വൈകിട്ട് 3.30ഓടെയാണ് സംഭവം. ഉടുമ്പൻചോല ചെല്ലകണ്ടം പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശികുമാര്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
7:07 PM IST:
വര്‍ക്കലയിൽ യുവാവിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വര്‍ക്കല പാളയംകുന്ന് കടവുംകരയിൽ അനിലിനെ (42) പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ദാരുണമായ അപകടമുണ്ടായത്. വര്‍ക്കല പൊലീസ് സ്റ്റേഷന് സമീപം ശിവഗിരി ജങ്ഷനില്‍ വെച്ചാണ് ട്രെയിന്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ ഇടിച്ചത്.
7:07 PM IST:
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തിന് കാസര്‍കോട് തുടക്കം. വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കെപിസിസിയുടെ സമരാഗ്നി പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്നും പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും കെസി വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു.
12:15 PM IST:
സപ്ലൈക്കോ കടുത്ത പ്രതിസന്ധിയിൽ .കുടിശ്ശികയിൽ ടെൻഡർ മുടങ്ങി.കഴിഞ്ഞ 29 ആം തിയതി നടന്ന ടെൻഡറിൽ വിതരണക്കാർ ആരും പങ്കെടുത്തില്ല.സബ്സിഡി ഉത്പന്നങ്ങൾ അടക്കം 40 ഇനങ്ങൾക്കാണ് ടെൻഡർ ക്ഷണിച്ചത്.വിതരണക്കാർക്ക് മാത്രം സപ്ലൈക്കോ കുടിശ്ശിക 500 കോടി രൂപയാണ്. ഇനിയും കുടിശ്ശിക തീർത്തില്ലെങ്കിൽ ടെൻഡറിൽ പങ്കെടുക്കില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി.
12:15 PM IST:
മൗണ്ട് സിയോൺ ലോ കോളേജ് നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതിയും തള്ളി. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു സുപ്രിം കോടതിയെ സമീപിച്ചത്. ജനുവരി 9 ന് ഹൈക്കോടതി ജാമ്യം തള്ളിയിട്ടും സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗം കൂടിയായ ജെയ്സണെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പെൺകുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് ജെയ്സന്റെ വാദം.
12:15 PM IST:
കേരളത്തില്‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്.കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി1,25,000 പിഴയും വിധിച്ചിട്ടുണ്ട്.നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും.പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്റെ കേരള ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങൾക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്.
6:39 AM IST:
പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് ഇമ്രാൻ ഖാന് അനുകൂലം. വോട്ടെണ്ണൽ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും ആദ്യ ലീഡ് സൂചനകൾ ഇമ്രാൻ ഖാൻ്റെ പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫിന് അനുകൂലമാണ്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികൾ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഔദ്യോഗിക ഫലം ഏറെ വൈകിയേക്കും. രാജ്യത്തെ ഇൻ്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു.
6:39 AM IST:
വിദേശ സർവ്വകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യ വിവാദം അവസാനിപ്പിക്കാൻ സി പി എം നേതൃത്വത്തിന്റ നിർദേശം.ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പരാതി.കൗൺസിൽ അല്ല ആശയം മുന്നോട് വെച്ചത് എന്ന് വൈസ് ചെയർമാൻ ഡോ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാൻ ആണ് ഇടപെടൽ. ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധന മന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നാണ് ഭരണ നേതൃത്വത്തിന്റെ നിലപാട്.
6:38 AM IST:
മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുൻ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം
എബ്രഹാമും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം. അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയത്. ഈ നോട്ടിസിലെ നടപടികൾ
സ്റ്റേ ചെയ്യണമെന്നും ഐസക് ആവശ്യപ്പെടുന്നു. എന്നാൽ അന്വേഷണവുമായി ഐസകും കിഫ്ബി ഉദ്യോഗസ്ഥരും
സഹകരിക്കുന്നില്ലെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്