
പഴയ പുസ്തകങ്ങള്‍ ലൈബ്രറികളിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങിയിട്ട് വലിയ കാലമായില്ല. കൊവിഡിന് പിന്നാലെ ലോകമെങ്ങും ഈ പ്രവണത ശക്തിപ്രപിച്ചു. ബർമിംഗ്ഹാമിലെ ബ്രൂക്ക്ഫീൽഡ്സ് പ്രൈമറി സ്കൂളിലാണ് ഏറ്റവും പുതിയ സംഭവം. 120 വര്‍ഷം മുമ്പ് ഒരു കുട്ടി വായിക്കാനെടുത്ത പുസ്തകം അപ്രതീക്ഷിതമായി സ്കൂളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. സ്കൂളിലെ ലൈബ്രറിയില്‍ 1904 -ലാണ് ഫാദർ ടക്കിന്റെ “ബുക്ക് ഓഫ് അനിമൽ ലൈഫ്” അവസാനമായി ഇഷ്യൂ ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത്.
പുസ്തകത്തിന്റെ മുന്‍ പേജില്‍ പതിപ്പിച്ചിരുന്ന ഒരു സ്റ്റിക്കറില്‍, സ്കൂളിലെ നല്ല പെരുമാറ്റത്തിനുള്ള അംഗീകാരമായി ഫ്ലോറൻസ് ടെയ്ലർ എന്ന കുട്ടിക്ക് ഈ പുസ്തകം സമ്മാനിച്ചതായി രേഖപ്പെടുത്തിയിരുന്നു. ഒരു നൂറ്റാണ്ടിലേറെ കാലത്തിന് ശേഷം സിൻഡി റേവൻ, ഡോർസെറ്റിൽ നടത്തിയ ഒരു ‘ചാരിറ്റി ജംബിൾ വിൽപ്പന’യിൽ (charity jumble sale) പുസ്തകങ്ങളുടെ കൂമ്പാരത്തിൽ നിന്ന് ഈ പുസ്തകം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റേവന് പുസ്തകം എവിടെ നിന്നുള്ളതാണെന്ന് കണ്ടെത്തുകയും പാര്‍സലായി അത് സ്കൂളിലേക്ക് അയച്ച് നല്‍കുകയുമായിരുന്നു.
‘ചരിത്രത്തിന്റെ ഒരേടാണ്’ പുസ്തകമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുസ്തക കൂമ്പാരത്തില്‍ നിന്നും ഈ പുസ്തകം ഞാന്‍ കണ്ടെത്തി. അത് എന്റെ വീട്ടിലെ ഒരു പെട്ടിയില്‍ സുരക്ഷിതമായി ഇരുന്നു. പുസ്തകത്തില്‍ സ്കൂളിന്റെ പേരും ഒപ്പം ‘സിറ്റി ഓഫ് ബർമിംഗ്ഹാം’ എന്നെഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അത് വീണ്ടും കണ്ടപ്പോള്‍ സ്കൂളിലേക്ക് തന്നെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അവര്‍ കൂട്ടിചേര്‍ത്തു.
നല്ല വിദ്യാര്‍ത്ഥിക്കുള്ള സമ്മാനമായി ഫ്ലോറൻസിന് പുസ്തകം സമ്മാനിച്ചപ്പോൾ, എഡ്വേർഡ് ഏഴാമനായിരുന്നു ഇംഗ്ലണ്ടിന്റെ രാജാവ്. അതായത്, ആൽബർട്ട് ഐൻസ്റ്റൈൻ തന്റെ ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ച് ഒരു പ്രബന്ധം എഴുതുന്നതിനും ഒരു വർഷം മുമ്പ്. പുസ്തകം സ്കൂളിലേക്ക് തിരിച്ചെത്തിയപ്പോള്‍ ‘സന്തോഷം’ തോന്നിയെന്ന് സ്കൂളിലെ പ്രധാന അധ്യാപിക ലീൻ മഹോണി മാധ്യമങ്ങളോട് പറഞ്ഞു. “കഴിഞ്ഞ 120 വർഷത്തിനിടയിൽ ലോകം ഏറെ മാറിയിട്ടുണ്ടെങ്കിലും, വായനയോടുള്ള ഇഷ്ടം പ്രോത്സാഹിപ്പിക്കേണ്ടത് അന്നും ഇന്നത്തെപ്പോലെ തന്നെ പ്രധാനമായിരുന്നു എന്ന് തിരിച്ചറിയുന്നത് സന്തോഷകരമാണ്.” അവർ പറഞ്ഞു.
Last Updated Feb 9, 2024, 12:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]