
ദില്ലി: കേന്ദ്രസർക്കാർ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു. ദില്ലിയിൽ ജന്ദർമന്തറിലാണ് കേരളത്തിന്റെ ധർണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ അണിചേരുന്നുണ്ട്.
സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷൻ്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിൻ്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ എത്തിയ സർക്കാരുകൾക്ക് അവരുടെ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകൾ വലിയ പ്രതിസന്ധിയായി മാറും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated Feb 8, 2024, 11:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]