തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചുകെട്ടി സിപിഎം ഏരിയാ സമ്മേളനത്തിന്റെ പൊതുയോഗം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നിൽ ഫുട്പാത്തടക്കം കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്റ് കൗൺസിൽ നടത്തിയ സമരത്തിലും പങ്കെടുത്ത നേതാക്കൾ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
വഞ്ചിയൂരിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എം വിജയകുമാർ, വികെ പ്രശാന്ത് എംഎൽഎ എന്നിവർ അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകാനാണ് നിർദേശം. ജോയിന്റ് കൗൺസിൽ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹർജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേരിട്ട് ഹാജരാകണമെന്നും നിർദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കൾ ഹാജരാകേണ്ടത്. കൊച്ചി കോർപ്പറേഷന് മുന്നിൽ ഡിസിസി നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ടിജെ വിനോദ് എംഎൽഎയോടും അന്നേ ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടു.
വഞ്ചിയൂരിലെ പൊതുയോഗം പ്രതിഷേധത്തിന്റെ ഭാഗം പോലുമായിരുന്നില്ലെന്നും സാധാരണ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയായിരുന്നുവെന്നും കോടതി വിമർശിച്ചു. എല്ലാ ദിവസവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും അവ ചെറുതായി കാണാനാകില്ലെന്നും കോടതി കുറ്റപ്പെടുത്തി.
വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് ദിവസം മുഴുവൻ യാത്രക്കാരെ വലച്ച സംഭവം വലിയ ചർച്ചയായിരുന്നു. ജില്ലാ കോടതിയും നിരവധി കീഴ് കോടതികളും വഞ്ചിയൂർ പൊലീസ് സ്റ്റേഷനും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഉൾപ്പെടെയുള്ള, അനവധി പേർ സദാ വന്നുപോകുന്ന റോഡിലാണ് ദിവസം മുഴുവൻ നീണ്ടുനിന്ന ഈ നിയമലംഘനം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപ്രതീക്ഷിതമായി റോഡ് അടച്ചതുമൂലം വഴിയിൽ കുടുങ്ങേണ്ടി വന്നവരിൽ സ്കൂൾ കുട്ടികളും രോഗികളും കോടതികളിൽ എത്തിപ്പെടേണ്ടവരും ഉണ്ടായിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനു തൊട്ടു മുമ്പിലായിരുന്നു സ്റ്റേജ് കെട്ടി പ്രസംഗവേദി തയ്യാറാക്കിയിരുന്നത്. സമ്മേളനത്തിനു പുറമെ നാടകവും അവിടെ നടന്നു. സംഭവത്തിൽ വിമർശനം ഉയർന്നതോടെ കണ്ടാലറിയാവുന്ന അഞ്ഞൂറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.