ദിവസേന ചായയോ കാപ്പിയോ കുടിക്കുന്ന ശീലമുള്ളവരാണ് ഭൂരിഭാഗം മലയാളികളും. ഉറക്കമുണർന്നയുടൻ ചായ കുടിച്ചില്ലെങ്കിൽ ക്ഷീണം തോന്നുക, തലവേദന അനുഭവപ്പെടുക തുടങ്ങിയ ബുദ്ധിമുട്ടുകളും പലർക്കും ഉണ്ടാകാറുണ്ട്. ഇങ്ങനെ ചായയും കാപ്പിയും കുടിക്കാതെ ജീവിക്കാൻ കഴിയില്ല എന്ന് പറയുമ്പോഴും ലോകത്ത് ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ധാരാളം പഠനങ്ങൾ പുറത്തുവരുന്നുണ്ട്. കാപ്പി കുടിക്കുന്നത് മാരക രോഗങ്ങൾ വരുത്തുമെന്നും കാപ്പി കുടിക്കുന്നവരിൽ ഹൃദ്രോഗ സാദ്ധ്യതയ കുറയുമെന്നതും തുടങ്ങി പലവിധ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാലിപ്പോഴിതാ കാപ്പിയെക്കാൾ പ്രധാനം അത് കുടിക്കുന്ന സമയത്തിനെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ പഠനത്തിൽ പറഞ്ഞിരിക്കുന്നത്.
പഠനം
യൂറോപ്യൻ ഹാർട്ട് ജേണലിലാണ് ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള ജനങ്ങളുടെ ജീവിതശൈലി, ഭക്ഷണക്രമം, ആരോഗ്യം എന്നിവ പരിഗണിച്ചാണ് ഈ ദീർഘകാല ഗവേഷണം നടത്തിയത്. ഏകദേശം 40,000 ആളുകളുടെ വിവരങ്ങൾ ഈ പഠനത്തിനായി ഉപയോഗിച്ചു.
ദിവസം രണ്ട് നേരം കാപ്പി കുടിക്കുന്നവരും, രാവിലെ മാത്രം കാപ്പി കുടിക്കുന്നവരും എന്ന് രണ്ടായി തിരിച്ചാണ് പഠനം നടത്തിയത്. പങ്കെടുത്തവരിൽ 14 ശതമാനം പേർ ദിവസം പലതവണ കാപ്പി കുടിക്കുന്നവരാണ്. 36 ശതമാനം പേർ രാവിലെ മാത്രം കാപ്പി കുടിക്കുന്നവരാണ്. പഠനത്തിൽ പങ്കെടുത്തവരെ ടുലെയ്ൻ സർവകലാശാലയിലെ ഗവേഷകർ ഏകദേശം പത്ത് വർഷത്തോളം നിരീക്ഷിച്ചു. ഈ കാലയളവിനുള്ളിൽ പഠനത്തിൽ പങ്കെടുത്ത 4,295 പേർ മരിച്ചു.
പരിശോധിച്ചപ്പോൾ രാവിലെ മാത്രം കാപ്പി കുടിക്കുന്നവരിൽ അകാല മരണത്തിനുള്ള സാദ്ധ്യത കുറവാണെന്ന് കണ്ടെത്തി. മാത്രമല്ല, ഇവർക്ക് ഹൃദ്രോഗം വന്ന് മരിക്കാനുള്ള സാദ്ധ്യതയും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവാണ്. കാപ്പി കുടിക്കാത്തവരിലും ദിവസം മുഴുവൻ കാപ്പി കുടിക്കുന്നവരിലും വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.
സമയം
ദിവസത്തിൽ പല തവണ കാപ്പി കുടിക്കുന്നതിനെക്കാൾ രാവിലെ മാത്രം കാപ്പി കുടിക്കുന്നതാണ് നല്ലതെന്നാണ് ഗവേഷകർ പറയുന്നത്. ഉയർന്ന അളവിൽ കാപ്പി കുടിക്കുന്നത് മരണ സാദ്ധ്യത വർദ്ധിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തി. മറ്റ് സമയങ്ങളിൽ കാപ്പി കുടിക്കുന്നതിനെക്കാൾ രാവിലെ കാപ്പി കുടിക്കുന്നത് മരണസാദ്ധ്യത കുറയ്ക്കുമെന്നതും യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘കാപ്പി കുടിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാദ്ധ്യത കുറയുന്നു എന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാദ്ധ്യതയും കുറയുന്നതായി കണ്ടെത്തി. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നമ്മുടെ ശരീരത്തിൽ ചെലുത്തുന്ന സ്വാധിനത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, കാപ്പി കുടിക്കുന്ന സമയവുമായി ബന്ധപ്പെടുത്തിയുള്ള പഠനം ഇതാദ്യമായാണ്. നിങ്ങൾ കാപ്പി കുടിക്കുന്നുണ്ടോ ഇല്ലയോ എന്നത് മാത്രമല്ല. ഏത് സമയമാണ് കാപ്പി കുടിക്കാൻ ഉചിതമെന്നും ഞങ്ങളുടെ പഠനത്തിൽ കണ്ടെത്തി. കാപ്പി നിർബന്ധമായും കുടിക്കണം എന്നല്ല ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്. അത് നിങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്ന പരീക്ഷണമായിരുന്നു ‘, ലൂസിയാനയിലെ ടുലെയ്ൻ സർവകലാശാലയിലെ പ്രമുഖ എഴുത്തുകാരിയായ ഡോ. ലു ക്വി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാരണം
ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് സർക്കാഡിയൻ റിഥത്തെയും മെലറ്റോണിൻ പോലുള്ള ഹോർമോണുകളുടെ അളവിനെയും തടസപ്പെടുത്തിയേക്കാം എന്നതാണ് ഒരു വിശദീകരണം. ഇതിലൂടെ രക്തസമ്മർദവും ഹൃദയ സംബന്ധമായ അപകടങ്ങളും ഉണ്ടായേക്കാമെന്നും പറയുന്നുണ്ട്. ഇത് അമേരിക്കക്കാരിൽ നടത്തിയ പഠനമാണ്. ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഇതേ രീതിയിൽ ആവണമെന്നില്ലെന്നും ഗവേഷകർ പറയുന്നു.