കൽപ്പറ്റ: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബവുമായി പ്രശ്നപരിഹാരത്തിന് ഫോർമുല വച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിജയന്റെ കുടുംബത്തെ ചേർത്തുനിർത്തി മുന്നോട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് സ്വതന്ത്രമായ അന്വേഷണം നടത്തിയാൽ സത്യസന്ധമായ റിപ്പോർട്ട് പുറത്തുവരുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
‘വിജയന്റെ കുടുംബത്തെ ചേർത്ത് നിർത്തി മുന്നോട്ട് പോകും. അതിനാണ് ഞങ്ങൾ ശ്രമിച്ചത്. ആ ശ്രമം പൂർണ വിജയമായി എന്നാണ് ഞങ്ങളുടെ വിശ്വാസം. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം വെട്ടിലായി കിടക്കുകയാണ്. അപ്പോൾ തുല്യദുഃഖിതരായി ഏതെങ്കിലും പാർട്ടിയെ കിട്ടുമോയെന്ന് ഗവേഷണം നടത്തുകയായിരുന്നു. ഈ പ്രശ്നത്തെ ആയുധമാക്കാനാണ് സിപിഎം ശ്രമിച്ചത്. സ്വതന്ത്രമായി പൊലീസ് അന്വേഷണം നടത്തിയാൽ സത്യസന്ധമായ റിപ്പോർട്ട് പുറത്തുവരും. പക്ഷെ പൊലീസിന് ഒരു അജണ്ടയില്ല. പ്രശ്നപരിഹാരത്തിന് ഫോർമുല വച്ചിട്ടില്ല. ഫോർമുല വേണമെന്ന് കുടുംബവും പറഞ്ഞിട്ടില്ല. ഫോർമുല അല്ല സംസാരിക്കേണ്ടത്. അതിനേക്കാൾ അപ്പുറത്ത് മനഃസാക്ഷിയാണ് സംസാരിക്കേണ്ടതെന്നാണ് കോൺഗ്രസിന്റെ നിലപാട്’- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യാ കുറിപ്പിനൊപ്പം കുടുംബം പുറത്തുവിട്ട കത്തിൽ പരാമർശിക്കുന്നവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുക. എന്നാൽ ആർക്കൊക്കെ എതിരെയാകും കുറ്റം ചുമത്തുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലവിൽ കെപിസിസി പ്രസിഡന്റിനെ അഭിസംബോധന ചെയ്തുള്ള കത്തിൽ എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻഡി. അപ്പച്ചൻ, കെ കെ ഗോപിനാഥൻ, കെ എൽ പൗലോസ് തുടങ്ങിിയവരുടെ പേരുകളുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പിൽ ആരുടെയും പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിക്കുമ്പോഴാകും ആർക്കൊക്കെ എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ അന്തിമ തീരുമാനം ആകുകയെന്നാണ് സൂചന.