കോഴിക്കോട്: പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണവും വിലപിടിപ്പുളള സാധനങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും കാസർകോട് സ്വദേശിനിയുമായ ഇഷാനയെ മാസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോക്ടറാണ് പരാതിക്കാരൻ. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപയാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്.
മാസങ്ങൾക്ക് മുൻപ് പുനർ വിവാഹത്തിനായി ഡോക്ടർ പത്രത്തിൽ പരസ്യം നൽകിയിരുന്നു. പിന്നാലെ ഇഷാന ഡോക്ടറുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് വിവാഹവും തീരുമാനിച്ചു. ഇഷാന കോഴിക്കോട് താമസിക്കാൻ വീടെടുക്കാനായി ഡോക്ടറോട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു, ഡോക്ടർ അത് നൽകുകയും ചെയ്തു. ആ വീട് കാണാൻ പോകുന്നതിനിടെയാണ് ഡോക്ടറുടെ മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെയുള്ളവ തട്ടിയെടുത്ത് സംഘം രക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം ഫെബ്രുവരി എട്ടിനായിരുന്നു പ്രതികൾ മുങ്ങിയത്. തുടർന്ന് ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാസർകോട് വച്ച് മാജിദും സലീമും പിടിയിലായത്. പരാതിക്കാരൻ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സലീമാണ് ഇഷാനയുടെ സഹോദരൻ എന്ന വ്യാജേനെ വിവാഹക്കാര്യത്തിൽ ഇടപെട്ടത്. മജീദ് കല്യാണ ബ്രോക്കറായി പ്രവർത്തിക്കുന്ന ആളാണ് എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇവർ മുൻപും ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]