

പതിനഞ്ചാം വയസില്‍ കേരളത്തിൽ കൂട്ടുകാരനെ കാണാനെത്തി ; 150 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്ത ബംഗാളി പയ്യൻ 13 വര്‍ഷങ്ങള്‍ കൊണ്ട് കോടീശ്വരൻ ; മലയാളികളടക്കം 25 തൊഴിലാളികള്‍ ; കേരളത്തിലെ കര്‍ഷകര്‍ നഷ്ടക്കണക്കുകള്‍ പറയുമ്പോള്‍ ഈ 28കാരന് പറയാനുള്ളത് ലാഭക്കണക്കുമാത്രം
സ്വന്തം ലേഖകൻ
കൊച്ചി: ബംഗാളി പയ്യൻ മിലൻ ഷേഖ് ഒരു പാഠമാണ്. കൃഷിയുടെ വലിയ പാഠം. കേരളത്തിലെ കര്‍ഷകര്‍ നഷ്ടക്കണക്കുകള്‍ പറയുമ്പോള്‍ ഇവിടെ പാട്ടക്കൃഷി നടത്തുന്ന ഈ 28കാരന് ലാഭക്കണക്കുമാത്രം.
പശ്ചിമബംഗാള്‍ ഗോകുല്‍ചാക് സ്വദേശിയായ മിലൻ ഷേഖ് പതിനഞ്ചാം വയസില്‍ കൂട്ടുകാരനെ കാണാനെത്തിയതാണ്. കൃഷിപ്പണിചെയ്തായിരുന്നു ഉപജീവനം. എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലായി 50 ഏക്കര്‍ പാട്ടത്തിനെടുത്താണ് ഇപ്പോള്‍ കൃഷി. വാഴ, മരച്ചീനി എന്നിവയാണ് മുഖ്യം. ഇടവിളയായി പച്ചക്കറിയുമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വീട്ടുകാരോടുപോലും പറയാതെയാണ് 2010ല്‍ എറണാകുളത്തെത്തിയത്. നെടുമ്പാശേരിയില്‍ കൃഷിപ്പണിക്കെത്തിയ ആത്മസുഹൃത്ത് ബാബുവിനെ കാണാനായിരുന്നു വരവ്. ബാബു നല്കിയ പണം കൊണ്ടായിരുന്നു യാത്ര. ജോലി അന്വേഷിച്ചെങ്കിലും, 15കാരന് പണി കൊടുത്താല്‍ ‘പണികിട്ടുമെന്ന്” പേടിച്ച് ആരും നല്‍കിയില്ല. കാത്തിരിപ്പിനൊടുവില്‍ ആലുവക്കാരനായ കര്ഷകൻ ജോലിനല്‍കി. 150 രൂപ ദിവസക്കൂലി. ഒരുവര്‍ഷം കഴിഞ്ഞ് മറ്റൊരിടത്തേക്കുമാറി. അപ്പോഴേക്കും കേരളത്തിലെ കൃഷിരീതി മനഃപാഠമായി. നന്നായി മലയാളം സംസാരിക്കും.
സമ്പാദ്യമായ 15,000 രൂപയും ഉമ്മയുടെ സ്വര്‍ണം പണപ്പെടുത്തി സംഘടിപ്പിച്ച പണവും ഉപയോഗിച്ച് 2019ലാണ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയത്. വാഴയും കപ്പയും നൂറുമേനി വിളഞ്ഞതോടെ മറ്റൊരു സ്ഥലംകൂടി പാട്ടത്തിനെടുത്തു. നെടുമ്പാശേരി, ദേശം, ശ്രീമൂലനഗരം, ചെങ്ങമനാട്, ദേവഗിരി എന്നിവിടങ്ങളിലായി 50 ഏക്കറിലാണിപ്പോള്‍ കൃഷി. ഒരുകോടിക്ക് മേലെയാണ് പ്രതിവര്‍ഷ വിറ്റുവരവ്. പകുതിയില്‍ കൂടുതലും കൃഷിക്കായി നീക്കിവയ്ക്കും. മലയാളികളടക്കം 25ലേറെപ്പേര്‍ പണിക്കുണ്ട്. മാതാപിതാക്കളായ അഷ്റഫ് അലി, ഫാത്തിമ എന്നിവരെയും സഹോദരങ്ങളെയും വര്‍ഷത്തിലൊരിക്കല്‍ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്.
കെട്ടിടനിര്‍മ്മാണ മേഖലയില്‍ 350രൂപ കൂലിക്ക് ‘ഓഫര്‍’ വന്നപ്പോഴും കൃഷിയില്‍ പിടിച്ചുനിന്നതാണ് തന്റെ വിജയമെന്ന് മിലൻ പറയുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ എല്ലായിടത്തുമെത്തും. കൃഷിയൊരുക്കാനും വളമിടാനും വിളവെടുപ്പിനുമെല്ലാം മുന്നിലുണ്ടാകും. കാര്‍ഷികവിളകള്‍ കയറ്റുമതി ചെയ്യാൻ സ്വന്തമായി എക്സ്പോര്‍ട്ടിംഗ് കമ്പനിയാണ് അടുത്ത ലക്ഷ്യം. അതിനുശേഷമേ വിവാഹം കഴിക്കുകയുള്ളു. സ്വന്തമായി വീടുവച്ച് കേരളത്തില്‍ ജീവിക്കാനാണ് മോഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]