

First Published Jan 9, 2024, 9:39 AM IST
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഘടകങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ഇത്തരത്തില്‍ ആവശ്യത്തിനായി നാം ഭക്ഷണത്തിലൂടെ കണ്ടെത്തുകയാണ് പതിവ്.
ഇവയില്‍ ഏതിലെങ്കിലും കുറവ് സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ആരോഗ്യത്തില്‍ പ്രതിഫലിക്കും. ഏത് അവയവത്തിനാണ് പ്രസ്തുത ഘടകം ആവശ്യമായി വരുന്നത് ആ അവയവത്തിന്റെ പ്രവര്‍ത്തനത്തെ തന്നെയാണിത് ബാധിക്കുക.
ഇത്തരത്തില്‍ കണ്ണിനെ ബാധിക്കുന്നൊരു അവസ്ഥയാണ് വൈറ്റമിൻ എയുടെ കുറവ്. കാഴ്ചാശക്തിയെ മെച്ചപ്പെടുത്തുന്നതിലേക്കായി ഏറ്റവുമധികം നമുക്ക് വേണ്ടുന്ന ഘടകമാണ് വൈറ്റമിൻ എ. ഇതിന് പുറമെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമെല്ലാം വൈറ്റമിൻ എ ആവശ്യമാണ്.
പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് വൈറ്റമിൻ എ കിട്ടുന്നത്. കരള്‍, മത്സ്യം, പാലുത്പന്നങ്ങള്‍, മുട്ട എന്നിങ്ങനെയുള്ള നോണ്‍-വെജ് ആഹാരങ്ങളില്‍ കൂടിയും ക്യാരറ്റ്, മധുരക്കിഴങ്ങ്, ചീര, ആപ്രിക്കോട്ട് പോലുള്ള സസ്യാഹാരങ്ങളിലൂടെയും വൈറ്റമിൻ എ ലഭ്യമാക്കാം. രണ്ടും രണ്ട് തരത്തിലുള്ള വൈറ്റമിൻ എകളാണ്. എങ്കിലും ഇവ രണ്ടും നമുക്കാവശ്യം തന്നെ.
ആവശ്യത്തിന് വൈറ്റമിൻ എ ശരീരത്തിലെത്തുന്നില്ല എങ്കില്‍ അത് ഏറെയും ബാധിക്കുക കണ്ണിനെ തന്നെയാണ്. അതിനാല്‍ തന്നെ കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ ഡയറ്റില്‍ വൈറ്റമിൻ എ ഉറപ്പിക്കണം. ഇതിന് ശേഷം കണ്ണിന്റെ ആരോഗ്യത്തില്‍ മാറ്റം വരുന്നുണ്ടോയെന്നും നിരീക്ഷിക്കാം.
കാഴ്ച മങ്ങല്‍, വെളിച്ചം കുറയുമ്പോള്‍ തീരെ കാണാൻ സാധിക്കാത്ത അവസ്ഥ, കണ്ണില്‍ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ കുത്തുകള്‍ കാണുക, കോര്‍ണിയയില്‍ ചെറിയ പുണ്ണ് പിടിപെടുക- ഇതിനെ തുടര്‍ന്ന് കണ്ണ് കലങ്ങുകയും കണ്ണ് വേദനയും കാഴ്ച മങ്ങലും അനുഭവപ്പെടുക, കണ്ണ് വല്ലാതെ ഡ്രൈ ആവുക, കണ്ണില്‍ എളുപ്പത്തില്‍ അണുബാധ വരിക, കണ്ണിന് വല്ലാതെ ചൂട് അനുഭവപ്പെടുക, സ്കിൻ ഡ്രൈ ആവുക, സ്കിൻ പാളികളായി അടര്‍ന്നുപോരുന്ന അവസ്ഥ, പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതോടെ പലവിധ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും എപ്പോഴും അലട്ടുക- തുടങ്ങിയവയാണ് വൈറ്റമിൻ എയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍.
ഈ ലക്ഷണങ്ങളേതെങ്കിലും കാണുന്നപക്ഷം അതുടനെ തന്നെ വൈറ്റമിൻ എയുടെ കുറവായി മനസിലാക്കരുത്. ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില് ഏതൊരു പ്രശ്നവും ഡോക്ടറെ കാണിക്കേണ്ടത് തന്നെയാണ്. ഒപ്പം ഡയറ്റിലൂടെ വൈറ്റമിൻ എ ഉറപ്പിക്കുക കൂടി ചെയ്യാൻ സാധിച്ചാല്‍ നമുക്ക് കണ്ണിന്റെ പ്രശ്നങ്ങളുടെ കാരണത്തില്‍ കുറെക്കൂടി വ്യക്തത കൈവരാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Jan 9, 2024, 9:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]