
ഹരിപ്പാട്: ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ മുന്നിലായിരുന്നു ഒരു കൗതുക കാഴ്ച. പള്ളിക്ക് മുന്നിലെത്തി ഒരാൾ ശംഖുനാദം മുഴക്കുന്നു. എന്നാൽ വെറും ഒരു കാഴ്ചയ്ക്കപ്പുറം മതസൗഹാര്ദ്ദത്തിന്റെ വലിയ സന്ദേശം നൽകുന്ന ചടങ്ങായിരുന്നു അത്. ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ ദേവി, ഗീവർഗ്ഗീസ് പുണ്യാളന്റെ പേരിലുള്ള വലിയ പള്ളിയിൽ നിന്ന് പറ വഴിപാട് സ്വീകരിക്കാനെത്തും എന്ന് അറിയിക്കുന്നതായിരുന്നു പള്ളിയുടെ മുന്നിൽ നിന്ന് മുഴക്കിയ ശംഖുനാദം.
നൂറ്റാണ്ടുകളായി തുടർന്നു വരുന്ന മത സൗഹാർദ്ദത്തിന്റെ ചരിത്ര സാക്ഷ്യമാണിത്. ഒരു കാലത്ത് ദേവീക്ഷേത്രത്തിന് സമീപത്ത് തന്നെയായിരുന്നു പള്ളിയും നിലനിന്നിരുന്നത്. പിന്നീട് കാലക്രമേണ ദേശീയ പാതയോരത്ത് ഇപ്പോൾ കാണുന്ന സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിക്കപ്പെട്ടു. ചേപ്പാട് വലിയപള്ളിയിലെ ഗീവർഗ്ഗീസ് പുണ്യാളനും വെട്ടിക്കുളങ്ങര ദേവിയും സഹോദരീ സഹോദരന്മാരാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.
വലിയ പള്ളി ഇടവകക്കാരും ക്ഷേത്ര വിശ്വാസികളും മുൻ കൈയ്യെടുത്ത് നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരങ്ങൾ മുടക്കം കൂടാതെ ഇന്നും തുടർന്നു വരുന്നത്. വലിയ പള്ളിയിൽ ഏകദേശം 700 വർഷത്തിലേറെ പഴക്കമുള്ള, ക്രിസ്തു ദേവന്റെ ഉയിർപ്പിന്റെ ഉൾപ്പെടെയുള്ള ചുവർ ചിത്രങ്ങൾ 3 ഭിത്തികളിലായി ഇന്നും കേടു കൂടാതെ സംരക്ഷിച്ചു വരുന്നുണ്ട്.
ശനിയാഴ്ച ദേവി വലിയ പള്ളിയിൽ പറ സ്വീകരിക്കാനായി എത്തി. വികാരി ഫാ. ബിജി ജോൺ, ട്രസ്റ്റി ഉമ്മൻ പി. വർഗ്ഗീസ്, സെക്രട്ടറി എസ്. ഗീവർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജനങ്ങളും യുവജനസഖ്യം പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ച് പറ വഴിപാട് നൽകിയത്. വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള റാസ ദേശീയപാതയിലൂടെ കടന്നുപോകുമ്പോൾ കാഞ്ഞൂർ ദുർഗ്ഗാ ദേവീ ക്ഷേത്രത്തിന് മുന്നിൽ ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും ചേർന്ന് റാസയെ സ്വീകരിക്കുന്നതും ഇവിടെ പതിവാണ്.
Last Updated Jan 8, 2024, 7:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]