
റായ്പൂര്‍: മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം രഞ്ജി ട്രോഫി ക്രിക്കറ്റിലും ആസമിനായി ആവര്‍ത്തിച്ച് രാജസ്ഥാന് റോയല്‍സ് താരം റിയാന്‍ പരാഗ്. ഛത്തീസ്ഗഡിനെതിരായ രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ 87 പന്തില്‍ 155 റണ്‍സടിച്ച് പരാഗ് തിളങ്ങിയെങ്കിലും അസം 10 വിക്കറ്റിന് തോറ്റു. ആദ്യ ഇന്നിംഗ്സില്‍ ഛത്തീസ്ഗഡ് 327 റണ്‍സടിച്ചപ്പോള്‍ അസമിന് 159 റണ്‍സെ നേടാനായിരുന്നുള്ളു. രണ്ടാം ഇന്നിംഗ്സില്‍ പരാഗ് ഒറ്റക്ക് പൊരുതി അസമിനെ 254 റണ്‍സിലെത്തിച്ചെങ്കിലും വിജയലക്ഷ്യമായ 87 റണ്‍സ് ഛത്തീസ്ഗഡ് വിക്കറ്റ് നഷ്ടപ്പെടാതെ അടിച്ചെടുത്തു.
ആദ്യ ഇന്നിംഗ്സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി നിരാശപ്പെടുത്തിയ അസം നായകന് കൂടിയായ പരാഗ് രണ്ടാം ഇന്നിംഗ്സില്‍ 87 പന്തില്‍ 11 ബൗണ്ടറികളും 12 സിക്സുകളും പറത്തിആണ് 155 റണ്‍സടിച്ചത്. എന്നാല്‍ 39 റണ്‍സടിച്ച ഓപ്പണര്‍ രാഹുല്‍ ഹസാരികയും 17 റണ്‍സെടുത്ത റിഷവ് ദാസും 16 റണ്‍സെടുത്ത സുമിത് ഗാവോങ്കറും മാത്രമെ അസം നിരയില്‍ രണ്ടക്കം കടന്നുള്ളു.
ആലപ്പുഴയില്‍ നടന്ന ഉത്തര്‍പ്രദേശിനെതിരായ രഞ്ജി മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഏഴാമനായിട്ടാണ് കേരളത്തെ നയിച്ച സഞ്ജു സാംസണ് ബാറ്റിംഗിനിറങ്ങിയത്. 35 റണ്‍സെടുത്ത് സഞ്ജു പുറത്തായി. രണ്ടാം ഇന്നിംഗ്സിലാകട്ടെ സഞ്ജു ബാറ്റിംഗിന് ഇറങ്ങിയതുമില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു ആഭ്യന്തര ക്രിക്കറ്റില്‍ കൂടി തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമാകാനാകും.
അതിനുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗിക്കേണ്ട സഞ്ജു പക്ഷെ ടീമിന്റെ താല്പര്യം കണക്കിലെടുത്ത് ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങുകയാണ് പതിവ്. എന്നാല്‍ റിയാന്‍ പരാഗിനെപ്പോലുള്ള താരങ്ങള്‍ വ്യക്തിഗത സ്കോറുകള്‍ ഉയര്‍ത്തി ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്നതില്‍ സഞ്ജുവിനും പഠിക്കാനേറെയുണ്ട്.
Last Updated Jan 8, 2024, 7:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]