
ഭുവനേശ്വര്‍: ട്രെയിനുകളിലെ അമിതമായ ജനത്തിരക്കും റിസര്‍വേഷന്‍ കോച്ചുകളില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് സീറ്റിനടുത്തേക്ക് പോലും എത്താത്ത തരത്തില്‍ മറ്റ് യാത്രക്കാര്‍ കോച്ച് കൈയടക്കുന്നതും പോലുള്ള നിരവധി സംഭവങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പല സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഇതിനിടെ കഴിഞ്ഞ ദിവസം ഒഡിഷയിലെ ഒരു ട്രെയിനില്‍ കയറിയവര്‍ക്ക് നേരിടേണ്ടി വന്നതാവട്ടെ വളരെ വ്യത്യസ്തമായ മറ്റൊരു അനുഭവവും.
18452 പുരി – ഹടിയ എക്സ്പ്രസ് (തപസ്വിനി എക്സ്പ്രസ്) ട്രെയിനിന്റെ എസ് 6 കോച്ചില്‍ യാത്ര ചെയ്തിരുന്നവര്‍ രാത്രി ഉറങ്ങാന്‍ നോക്കിയപ്പോഴാണ് ട്രെയിനിലെ പ്രശ്നം മനസിലായ്. സ്ലീപ്പര്‍ കോച്ചില്‍ മിഡില്‍ ബെര്‍ത്ത് നിവര്‍ത്തി വെയ്ക്കാനുള്ള ചങ്ങലകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഒരു കോച്ചില്‍ ഏതാണ്ടെല്ലാ സീറ്റുകളില്‍ നിന്നും ചങ്ങലകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. താഴെയും മുകളിലുമുള്ള ബെര്‍ത്തുകളിലെ യാത്രക്കാര്‍ കിടന്നുകഴിഞ്ഞാല്‍ പിന്നെ നില്‍ക്കാനും ഇരിക്കാനും പോലും സ്ഥലം കിട്ടില്ലെന്ന് മനസിലാക്കിയ മിഡില്‍ ബെര്‍ത്തിലെ യാത്രക്കാര്‍ പരിഭ്രാന്തരായി.
ഒടുവില്‍ പരാതിയുമായി ടിടിഇയെ സമീപിച്ചു. മിക്ക സീറ്റുകളിലെയും ചങ്ങലകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ അദ്ദേഹം അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ട്രെയിന്‍ ഭുവനേശ്വര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരു അധിക കോച്ച് കൂടി ട്രെയിനിനൊപ്പം ചേര്‍ത്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു. ചങ്ങല നഷ്ടമായത് കാരണം മിഡില്‍ ബെര്‍ത്തില്‍ കിടക്കാനാവാതിരുന്ന യാത്രക്കാരെ എല്ലാവരെയും ഈ അധിക കോച്ചിലേക്ക് മാറ്റിയത് പ്രശ്നം പരിഹരിച്ചത്.
“രാത്രി 8.45ന് പുരി സ്റ്റേഷനില്‍ നിന്ന് തപസ്വിനി എക്സ്പ്രസില്‍ കയറിയ ശേഷം ഉറങ്ങാന്‍ തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങിയപ്പോഴാണ് മിഡില്‍ ബെര്‍ത്തിന് ചങ്ങലയില്ലെന്ന് മനസിലാക്കിയത്. ടിക്കറ്റ് എക്സാമിനറെ അറിയിച്ച ശേഷം ട്രെയിന്‍ ഭുവനേശ്വര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അധിക കോച്ച് ഘടിപ്പിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു” എന്ന് ഒരു യാത്രക്കാരന് പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് റെയില്‍വെ സി.പി.ആര്.ഒ അശോക കുമാര്‍ മിശ്രയും സംഭവം സ്ഥിരീകരിച്ചു. ചങ്ങലകള്‍ എങ്ങനെ നഷ്ടമായെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]