
റിയോഡിജനീറോ – സാവൊപൗളോയുടെ പരിശീലകനായിരുന്ന ഡോറിവാള്‍ ജൂനിയര്‍ ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ കോച്ചായി നിയമിക്കപ്പെടുമെന്നുറപ്പായി. ഇതിഹാസ ഫുട്ബോളര് മാരിയൊ സഗാലോയുടെ മരണത്തെത്തുടര്‍ന്നുള്ള ദുഃഖാചരണമായതിനാല്‍ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാവൊപൗളോയില്‍ നിന്ന് അദ്ദേഹം രാജി വെച്ചു. കഴിഞ്ഞ വര്‍ഷം നിയമിച്ച താല്‍ക്കാലിക കോച്ച് ഫെര്‍ണാണ്ടൊ ഡിനിസിനെ ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. ഡോറിവാളിന്റെ കോച്ചിംഗില്‍ 2022ല്‍ ഫഌമംഗൊ ക്ലബ്ബ് കോപ ലിബര്‍ടഡോറസ് ചാമ്പ്യന്മാരാവുകയും ബ്രസീലിയന്‍ കപ്പ് നേടുകയും ചെയ്തിരുന്നു. പിന്നീടാണ് സാവൊപൗളോയില്‍ ചേര്‍ന്നത്. അത്ലറ്റിക്കൊ മിനേറൊ, അത്ലറ്റിക്കൊ പരാനേന്സ്, ഇന്റര്‍നാഷനാല്‍, വാസ്കോഡഗാമ, ഫഌമിനന്‍സെ, പാല്‍മീരാസ് ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ബ്രസീലിന്റെ പരിശീലകനായി നിയമിക്കപ്പെടുന്നത് സ്വപ്നസാഫല്യമാണെന്ന് അറുപത്തൊന്നുകാരന് പറഞ്ഞു.
കാര്‍ലൊ ആഞ്ചലോട്ടി ഈ വര്‍ഷം കോച്ചായി സ്ഥാനമേറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ വര്‍ഷം മധ്യത്തിലാണ് ഫഌമിനന്‍സെയുടെ പരിശീലകന് കൂടിയായ ഡിനിസിന് താല്‍ക്കാലിക ചുമതല നല്‍കിയത്. ഡിനിസിന്റെ കീഴില്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ആറ് മത്സരങ്ങളില്‍ മൂന്നും തോറ്റ ബ്രസീല്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്.
മാര്‍ച്ചിലെ ഇംഗ്ലണ്ടുമായും സ്പെയിനുമായുള്ള സന്നാഹ മത്സരങ്ങളായിരിക്കും ഡോറിവാളിന്റെ പരിശീലനത്തില്‍ ബ്രസീല്‍ ആദ്യം കളിക്കുക. ജൂണില്‍ കോപ അമേരിക്ക ടൂര്‍ണമെന്റ് വരാനിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
