
കൊച്ചി: വയനാടിനെ വിറപ്പിച്ച് വനംവകുപ്പിന്റെ കൂട്ടിലായ പിഎം 2 എന്ന കാട്ടാനയെ തുറന്ന് വിടണമെന്ന് വിദഗ്ധ സമിതി ഹൈക്കോടതിയിൽ. പിഎം2 വിനെ വെടിവെച്ച് പിടികൂടാൻ വനംവകുപ്പ് അനാവശ്യ ധൃതി കാണിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. നിലവിൽ മുത്തങ്ങ ക്യാമ്പിലുള്ള മോഴയാനയെ റേഡിയോ കോളർ ഘടിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ തുറന്ന് വിടണമെന്നാണ് റിപ്പോർട്ട്.
സുൽത്താൻ ബത്തേരിയിൽവെച്ച് വഴിയാത്രക്കാരനെ ആക്രമിച്ചെന്ന് ചൂണ്ടികാട്ടിയാണ് പിഎം2 വിനെ വനംവകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി കൂട്ടിലടച്ചത്. എന്നാൽ ആനയെ സ്വാഭാവിക പരിസരത്ത് നിന്ന് പിടികൂടിയത് ധൃതിപിടിച്ചാണെന്നും ആന ആളുകളെ ആക്രമിച്ചതിന് തെളിവില്ലെന്നും വ്യക്തമാക്കി പിപ്പീൾ ഫോർ ആനിമൽ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് വിദഗ്ധ സമിതി ആനെയെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് വിടാമെന്ന റിപ്പോർട്ട് നൽകിയത്. തമിഴ്നാട്ടിൽ നിന്ന് റേഡിയോ കോളറുമായി 2022 ഡിസംബർ 9 മുതൽ 31 വരെ സുൽത്താൻ ബത്തേരി വനമേഖലിയിലൂടെ ആന സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ ഈ കാലയളവിൽ ആന ആരെയെങ്കിലും ആക്രമിച്ചതിന് തെളിവില്ല. 13 വയസ് മാത്രമുള്ള ആനയെ ജനവാസമേഖലയൊഴിവാക്കി കാട്ടിലേക്ക് തുറന്ന് വിട്ടാൽ വനവുമായി പൊരുത്തപ്പെടും. ആനയെ വെടിവെച്ച് പിടികൂടുന്നതിന് വയനാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യധൃതി കാട്ടിയെന്നും സമിതി പറയുന്നു.
നിലവാരമുള്ള റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ തുറന്ന് വിടണമെന്നാണ് വിദഗ്ധ സമിതി നിര്ദ്ദേശിക്കുന്നത്. ഏതെങ്കിലും പകർച്ചവ്യാധിയുണ്ടോ എന്നതടക്കം പരിശോധിച്ച് ഉറപ്പാക്കണം, ഏത് വനമേഖലയിലേക്ക് തുറന്ന് വിടണമെന്നതിൽ കൃത്യമായ പഠനം വേണം, ഈ സ്ഥലത്ത് ആവശ്യമായ വെള്ളവും ഭക്ഷണവും ലഭിക്കുമെന്ന് ഉറപ്പാക്കണം, ആറ് മാസമെങ്കിലും റേഡിയോ കോളർ വഴി ആനയുടെ സഞ്ചാരം നിരീക്ഷിക്കണം, ഇത്തരത്തിൽ ആനയെ തുറന്ന് വിടാമെന്നാണ് നിർദ്ദേശം. തമിഴ്നാട്ടിൽ റിവാഡോ എന്ന ആനയെയും കർണ്ണാടകയിൽ മറ്റൊരാനയെയും ഇതുപോലെ പിടികൂടി തുറന്ന് വിട്ട അനുഭവവും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിട്ടുണ്ട്.
Last Updated Jan 8, 2024, 9:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]