
മൃഗങ്ങളിൽ മനുഷ്യന് ഏറ്റവും കൂടുതൽ സൗഹൃദം നായ്ക്കളോടാണ്. ഈ ചങ്ങാത്തം തുടങ്ങിയിട്ട് കാലം കുറേ ആയി എന്നാണ് ഒരു പുതിയ ഗവേഷണം തെളിയിക്കുന്നത്. മനുഷ്യനും നായ്ക്കളും തമ്മിലുള്ള സൗഹൃദം ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു എന്നാണ് പുതിയ കണ്ടെത്തൽ.
അരിസോണ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അലാസ്കയിൽ നിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തിയത്. ഇത് പ്രകാരം മനുഷ്യനും ഇന്നത്തെ നായ്ക്കളുടെ പൂർവികരും, മുമ്പ് കണ്ടെത്തിയിരുന്നതിലും 2,000 വർഷങ്ങൾക്ക് മുമ്പ് തന്നെ ചങ്ങാതികൾ ആയിരുന്നു.
സ്കൂൾ ഓഫ് ആന്ത്രോപോളജിയിലെ അസിസ്റ്റൻ്റ് റിസർച്ച് പ്രൊഫസറായ ഫ്രാങ്കോയിസ് ലാനോയുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷക സംഘം 2018 -ൽ കണ്ടെത്തിയ പുരാവസ്തു അവശിഷ്ടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇപ്പോഴത്തെ കണ്ടെത്തൽ. അലാസ്കയിലെ സ്വാൻ പോയിൻ്റിൽ നിന്ന് കണ്ടെത്തിയ ഒരു നായയുടെ അസ്ഥിയിലാണ് പഠനം നടത്തിയത്.
ഏകദേശം 12,000 വർഷങ്ങൾക്ക് മുമ്പ്, ഹിമയുഗത്തിൻ്റെ അവസാനത്തോട് അടുക്കുമ്പോൾ തന്നെ നായ്ക്കൾ ജീവിച്ചിരുന്നുവെന്നും മനുഷ്യരുമായി അടുത്ത ബന്ധം പുലർത്തിയതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നതായും റേഡിയോകാർബൺ ഡേറ്റിംഗ് വെളിപ്പെടുത്തി.
അവശിഷ്ടങ്ങളുടെ രാസവിശകലനത്തിൽ സാൽമൺ പ്രോട്ടീനുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇത് നായ പതിവായി മത്സ്യം കഴിച്ചു എന്നതിൻറെ സൂചനയാണെന്ന് ഗവേഷകർ പറയുന്നു. കരയിൽ മാത്രം വേട്ടയാടി ജീവിച്ചിരുന്ന നായ്ക്കൾ മത്സ്യം കഴിക്കണമെങ്കിൽ അവ തീർച്ചയായും മനുഷ്യരുമായി ബന്ധം പുലർത്തിയിരുന്നു എന്നുവേണം അനുമാനിക്കാൻ എന്നും പഠനത്തിൽ പറയുന്നു. 2023 ജൂണിൽ ഒരു പുരാവസ്തു സൈറ്റിൽ നിന്നും കണ്ടെത്തിയ 8,100 വർഷം പഴക്കമുള്ള നായയുടെ താടിയെല്ലിൽ നടത്തിയ പഠനത്തിലും സമാനമായ അടയാളങ്ങൾ കണ്ടിരുന്നു.
ചെരുപ്പിന് 237 കോടി; 89 വർഷം മുമ്പുള്ള ചിത്രത്തിൽ നായിക ധരിച്ച ‘റൂബി സ്ലിപ്പർ’ ലേലം ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]