
.news-body p a {width: auto;float: none;}
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസുമായി സഖ്യംകൂടുമെന്ന് പ്രഖ്യാപിച്ച് പി വി അൻവർ എം എൽ എ. ഡൽഹിയിൽ ഒരു സ്വകാര്യ ചാനലിനോടാണ് അൻവർ പുതിയ സഖ്യത്തെപ്പറ്റി തുറന്നുപറഞ്ഞത്. ഡിഎംകെയുമായുളള സഖ്യസാദ്ധ്യത മുഖ്യമന്ത്രി പിണറായി വിജയൻ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. ‘തൃണമൂലുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബി എസ് പിയുമായി നേരത്തേ ചർച്ചകൾ നടത്തിയിരുന്നു. പക്ഷേ, അവർ ദുർബലരാണ്. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബി ജെ പിയുമായി സഹകരിക്കില്ല. യു ഡി എഫ് പ്രവേശനം ഇപ്പോൾ ആലോചനയിലില്ല. മുസ്ലീം ലീഗ് വഴി യു ഡി എഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ല’- അൻവർ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുമായിട്ടാണ് ചേര്‍ന്നുപോകുന്നതെങ്കില്‍ അതൊരു കമ്യൂണിസ്റ്റ് വിരുദ്ധത കൂടിയാവും. അങ്ങനെയാണ് തീരുമാനം വരുന്നതെങ്കില്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
അടുത്തിടെയാണ് എൽ ഡി എഫ് ബന്ധം ഉപേക്ഷിച്ച് അൻവർ മുഖ്യമന്ത്രിക്കും സി പി എമ്മിനുമെതിരെ പരസ്യമായി രംഗത്തെത്തിയത്. തുടർന്ന് ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള (ഡിഎംകെ) രൂപീകരിച്ചു. യു ഡി എഫിനോട് അടുക്കുമെന്ന് ഇടയ്ക്ക് സൂചന നൽകിയെങ്കിലും കടുത്ത ഉപാധികൾ വച്ചതോടെ അവർ കൈയൊഴിഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തുകയും ചെയ്തു. മണ്ഡലത്തിൽ നിർണായക ശക്തിയാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലം വന്നപ്പോൾ എട്ടുനിലയിൽ പൊട്ടി.ഡി എം കെ സ്ഥാനാർത്ഥിയായി മത്സരിച്ച എൻ കെ സുധീറിന് ലഭിച്ചത് 3920 വോട്ടു മാത്രമായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം അവസാനിച്ചശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുലംഘിച്ച് അൻവർ വാർത്താസമ്മേളനം നടത്തിയത് വിവാദമായിരുന്നു. വാർത്താസമ്മേളനത്തിനിടെ നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥനെ മാദ്ധ്യമപ്രവർത്തകർക്കുമുന്നിൽ പരസ്യമായി അവഹേളിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തിരുന്നു. വാർത്താപ്രാധാന്യം നേടാനായിരുന്നു ഇതെന്ന ആരോപണവും ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡിഎംകെയുടെ ശക്തിപ്രകടനത്തിന് വാടകയ്ക്കെടുത്ത ആൾക്കാരെ അണിനിരത്തിയത് മാദ്ധ്യമ ഉടപെടലുകളിലൂടെ പുറത്തുവന്നിരുന്നു. സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെയാണ് പണം കൊടുത്ത് പ്രകടനത്തിന് അണിനിരത്തിയത്. ഇത് അൻവറിന് ഏറെ അവമതിപ്പ് ഉണ്ടാക്കിയിരുന്നു. സിപിഎം നേതാക്കളും അണികളും കൂട്ടത്തോടെ തനിക്കൊപ്പം വരുമെന്ന് അൻവർ വീരവാദം മുഴക്കിയിരുന്നുവെങ്കിലും ഒന്നും ഉണ്ടായില്ല. എല്ലാ അടവുനയങ്ങളും പരാജയപ്പെട്ടതോടെയാണ് തൃണമൂലുമായി അടുക്കാൻ ശ്രമിക്കുന്നത്. മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയെന്നും തൃണമൂൽ പ്രവേശനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.