
തുടര്‍ച്ചയായി വിജയസിനിമകളുടെ ഭാഗമാവുക- ഏത് ഭാഷയിലെയും ഓരോ അഭിനേതാവിനും മുന്നിലുള്ള വെല്ലുവിളിയാണിത്. എന്നാല്‍ മാത്രമാണ് പുതിയ അഭിനേതാക്കള്‍ താരപദവിയിലേക്ക് ഉയരുക. ഇനി സൂപ്പര്‍സ്റ്റാറുകള്‍ ആണെങ്കില്‍ പോലും തുടര്‍ പരാജയങ്ങള്‍ നേരിട്ടാല്‍ താരപദവിക്ക് ഇളക്കം തട്ടും. എന്നാല്‍ ആഗ്രഹിക്കാമെന്നും പരിശ്രമിക്കാമെന്നുമല്ലാതെ സിനിമകളുടെ വിജയപരാജയങ്ങള്‍ 100 ശതമാനം കൃത്യമായി പ്രവചിക്കാന്‍ ആരെക്കൊണ്ടുമാവില്ല. അതിനാല്‍ത്തന്നെ വിജയിക്കുന്ന സിനിമകളുടെ ഭാഗമാവുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും വലിയ ആഹ്ളാദം പകരുന്ന ഒന്നാണ്. എന്നാല്‍ ഒരു കുടുംബത്തില്‍ തന്നെ മൂന്ന് വിജയ ചിത്രങ്ങള്‍ ഉണ്ടായാലോ? അതും മൂന്ന് പേരുടെ പേരില്‍..
ഹിന്ദി സിനിമയിലെ ധര്‍മേന്ദ്ര കുടുംബത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ധര്‍മേന്ദ്രയും മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും അഭിനയിച്ച് ഓരോ ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയത്. എന്നാല്‍ അവയെല്ലാം വിജയങ്ങളുമായി. സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2, ബോബി ഡിയോള്‍ പ്രതിനായകനായെത്തിയ അനിമല്‍ (തിയറ്ററുകളില്‍ തുടരുന്നു) എന്നിവ തകര്‍പ്പന്‍ വിജയങ്ങളാണ് നേടിയതെങ്കില്‍ ധര്‍മേന്ദ്ര, നായകന് രണ്‍വീര്‍ സിംഗിന്റെ മുത്തച്ഛനായി എത്തിയ റോക്കി ഓര് റാണി കി പ്രേം കഹാനിയും ഹിറ്റ് ആയിരുന്നു. ബോളിവുഡില്‍ നിലവിലെ സജീവസാന്നിധ്യങ്ങളല്ല ഈ മൂന്ന് പേരും. വളരെ ശ്രദ്ധിച്ചാണ് പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കാറും. അങ്ങനെയിരിക്കെ തേടിയെത്തിയ ഈ വിജയങ്ങളില്‍ അതീവ ആഹ്ലാദത്തിലാണ് ധര്‍മേന്ദ്ര കുടുംബം.
സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 ന്റെ ലൈഫ് ടൈം ആഗോള ഗ്രോസ് 685.19 കോടി ആയിരുന്നെങ്കില്‍ ധര്‍മേന്ദ്ര ഒരു നിര്‍ണായക വേഷത്തിലെത്തിയ റോക്കി ഓര് റാണി കി പ്രേം കഹാനി ആകെ നേടിയത് 340 കോടി ആയിരുന്നു. അതേസമയം ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ അനിമല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളുടെ നിരയിലേക്ക് കുതിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 527.6 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്ദീപ് റെഡ്ഡി വാംഗയാണ്. രണ്‍ബീറിനൊപ്പം ചിത്രത്തിലെ ബോബി ഡിയോളിന്റെ പ്രകടനവും പ്രേക്ഷകരുടെ വലിയ കൈയടി നേടുന്നുണ്ട്. ഇന്ത്യന്‍ സിനിമ കൊവിഡ്കാല തകര്‍ച്ചയില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി പ്രാപിച്ചുവെന്ന് പറയാവുന്ന വര്‍ഷമാണ് 2023. തെന്നിന്ത്യന്‍ സിനിമ ഉയര്‍ത്തിയ വെല്ലുവിളിയുടെ അരക്ഷിതത്വ മനോനിലയില്‍ നിന്ന് ആത്മവിശ്വാസം വീണ്ടെടുത്ത വര്‍ഷം കൂടിയാണിത് ബോളിവുഡിനെ സംബന്ധിച്ച് 2023.
Last Updated Dec 7, 2023, 8:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]