
നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതന ശസ്ത്രക്രിയയായ സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളജിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എസ്എംഎ ബാധിച്ച എറണാകുളം തോപ്പുംപടി സ്വദേശിയായ 14 വയസുകാരനാണ് സ്പൈന്‍ സ്കോളിയോസിസ് സര്‍ജറിയ്ക്ക് വിധേയനായത്. കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമാണ്. കുട്ടി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വത്വം നല്കിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് എറ്റെടുത്ത പ്രധാന പദ്ധതികളിലൊന്നാണ് എസ്എംഎയ്ക്കുള്ള ചികിത്സ. അതിന്റെ ഭാഗമായാണ് സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ചത്. എസ്എംഎ ടൈപ്പ് 1, ടൈപ്പ് 2 ബാധിതരായ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഇപ്പോള്‍ നല്‍കുന്നുണ്ട്. അപൂര്‍വ രോഗം ബാധിച്ച 55 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. 18 വയസുവരെയുള്ള എസ്എംഎ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ആദ്യ സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി നടത്തിയത്. കോഴിക്കോട് സ്വദേശിയായ സിയ മെഹ്റിന് എന്ന 14 വയസുകാരിയ്ക്കാണ് ആദ്യ സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി നടത്തിയത്. കോഴിക്കോട്ടെ നവകേരള സദസിലെ പ്രഭാത യോഗത്തില്‍ സിയ പങ്കെടുത്ത് അനുഭവം പങ്കുവച്ചിരുന്നു. എസ്.എം.എ. ബാധിച്ച്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിഞ്ഞിരുന്ന തനിക്ക് ഇപ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കാന്‍ കഴിയുമെന്നത് ആശ്വാസമാണെന്ന് സിയ അറിയിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. അരുണ്‍, ഡോ. അശോക്, ഡോ. സനീന്‍, ഡോ. ധീരാജ്, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. സുനില്‍ ആര്, ഡോ. ബാബുരാജ്, ഡോ. ബിന്ദു എന്നിവരുടെ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.
Story Highlights: Thrissur Medical College also offers the latest surgery to correct curvature of the spine
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]