![](https://newskerala.net/wp-content/uploads/2024/11/ranji.1.2987190.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് 233 റൺസിന്റെ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം ശക്തമായ നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ കേരളം 395 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഉത്തർപ്രദേശ് രണ്ട് വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്.
ഏഴ് വിക്കറ്റിന് 340 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് 55 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. മുഹമ്മദ് അസറുദ്ദീൻ 40 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റിങ്ങ് തുടർന്ന സൽമാൻ നിസാറിന് ഏഴ് റൺസകലെ സെഞ്ച്വറി നഷ്ടമായപ്പോൾ കേരളത്തിന്റെ ഇന്നിംഗ്സിനും അവസാനമായി.
ഒൻപത് ഫോറും മൂന്ന് സിക്സും അടക്കം 93 റൺസെടുത്ത സൽമാൻ നിസാർ തന്നെയാണ് കേരളത്തിന്റെ ടോപ് സ്കോറർ. സച്ചിൻ ബേബി 83ഉം ജലജ് സക്സേന 35ഉം റൺസെടുത്തു. മൂന്ന് വിക്കറ്റെടുത്ത അക്വിബ് ഖാനാണ് ഉത്തർപ്രദേശ് ബൗളിംഗ് നിരയിൽ തിളങ്ങിയത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശിന് ആര്യൻ ജൂയലിന്റെയും പ്രിയം ഗാർഗിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ജലജ് സക്സേനയ്ക്കും കെ എം ആസിഫിനുമാണ് വിക്കറ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]