![](https://newskerala.net/wp-content/uploads/2024/11/police.1.2987116.jpg)
ആലപ്പുഴ : നഗരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിൽ വേഷം മാറിയുള്ള ‘ഡെക്കോയ്’ ഓപ്പറേഷനുമായി വനിതാ പൊലീസ് കളത്തിൽ. ഒരുമാസത്തിനിടെ ആലപ്പുഴ കെ.എസ്.ആർ.ടി.സി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ നാല് പേരെ സംഘം പിടികൂടി ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.
വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകൾ വേഷം മാറി യാത്രക്കാർക്കിടയിൽ നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സാധാരണവേഷത്തിൽ നിൽക്കുകയായിരുന്ന വനിതാപൊലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു.
പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. ഇവർക്കെതിരെ പൊതുശല്യത്തിന് കേസെടുത്തു. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ പി.ടി.ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെക്കോയ് ഓപ്പറേഷന് നേതൃത്വം നൽകുന്നത്.
ശല്യക്കാർക്ക് പൂട്ടിടും
വനിതാ പൊലീസെന്ന് അറിയാതെ സമീപിച്ച നാല് പുരുഷന്മാരും നിമിഷങ്ങൾക്കുള്ളിലാണ് പൊലീസ് ജീപ്പിനുള്ളിലായത്. മഫ്തി പൊലീസിന്റെ വിവരങ്ങൾക്ക് കാതോർത്ത് വനിതാ പൊലീസുകാർ പരിസരത്ത് തന്നെയുണ്ടാകും. ആലപ്പുഴ ബോട്ട് ജെട്ടി മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള പരിസരം ലൈംഗികതൊഴിലാളികൾ താവളമാക്കിയിരിക്കുന്നതിനാൽ ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്. ധാരാളം സ്ത്രീകൾ ശല്യം ചെയ്യപ്പെടാറുണ്ടെങ്കിലും പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ഡെക്കോയ് ഓപ്പറേഷൻ നടത്തുന്നത്.
-പി.ടി.ലിജിമോൾ, എസ്.ഐ, വനിതാ പൊലീസ് സ്റ്റേഷൻ