മലയാളത്തിലേക്ക് പുതിയ ഒരു തലമുറ താരങ്ങളുടെ അരങ്ങേറ്റമാണ് മുറ. ഹിന്ദി, തമിഴ് സിനിമകളിലൊക്കെ അങ്ങനെ താരങ്ങളുടെ തലമുറ മാറ്റം നാം കണ്ടിട്ടുണ്ടാകും. ഒരുകൂട്ടം യുവാക്കള്‍ നിറഞ്ഞുനിന്ന ഒരു സിനിമ ഭാവിയിലേക്കുള്ള പാലമായി മാറിയതിന് ഉദാഹരണങ്ങളുണ്ട്. തമിഴകത്ത് സുബ്രഹ്മണ്യപുരം ഒരു പ്രദേശിക സിനിമാ തനിമ അടയാളയാളപ്പെടുത്തിയതിന് സമാനമാണ് മുറയും. കഥയിലെ പുതുമയിലല്ല സിനിമയില്‍ കാര്യം. ആഖ്യാനത്തിലെ ചടുലതയിലാണ് സിനിമ മികച്ചുനില്ക്കുന്നത്. ഒപ്പം യുവ താരങ്ങളുടെ പ്രകടനങ്ങളും സിനിമയുടെ ആകര്‍ഷണമായി മാറുന്നു.
തിരുവനന്തപുരത്തെ പ്രാദേശികതയിലൂന്നിയുള്ള സിനിമയാണ് മുറ. കൗമാരം മറികടക്കാനൊരുങ്ങുന്ന നാല് യുവാക്കളുടെ കഥാപാത്രങ്ങളാണ് മുറയുടെ കേന്ദ്ര ബിന്ദുവായി നില്‍ക്കുന്നത്. എങ്ങനെയാണ് അവര്‍ ക്വട്ടേഷൻ ഗ്യാംഗിന്റെ ഭാഗമാകുന്നത് എന്നും പിന്നീട് പ്രതികാരം വീട്ടുന്നതെന്നും പറയുകയാണ് മുറ. ഭാഷയിലടക്കം പ്രാദേശിക ശൈലിയെ മുറുക്കിയൊരുക്കിയിരിക്കുന്ന സിനിമയുമാണ് മുറ.
നിലവില്‍ നേരിട്ട് ക്വട്ടേഷൻ ഏറ്റെടുക്കാത്ത ഒരു മുൻകാല ഗ്യാംഗ്സ്റ്റര്‍ നേതാവാണ് അനില്‍. ഗ്യംഗ്സ്റ്ററായ രമയുടെ സഹായിയാണ് അനില്‍. ചൊക്ലി എന്ന ഒരു പ്രാദേശിക ഗുണ്ടയാണ് നാല് കൗമാരക്കാരെ അനിലിനെ പരിചയപ്പെടുത്തുന്നത്. സ്വാഭാവികമായും അവരും തുടര്‍ന്ന് അനിലൊപ്പം ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പിന്നീട് ഒരു ക്വട്ടേഷൻ ഏറ്റെടുക്കേണ്ടി വരുമ്പോഴാണ് അവരുടെ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. അത് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. തുടര്‍ന്ന് പ്രതികാരം തീര്‍ക്കേണ്ട അവസ്ഥയുണ്ടാകുന്നു. അതാണ് മുറയെ ഒരു വൈകാരികമായ സിനിമാ അനുഭവത്തോടെ പിന്നീട് ഉദ്വേഗജനകമാക്കി മാറ്റുന്നതും.
സുരാജ് വെഞ്ഞാറമൂടാണ് സിനിമയില്‍ അനിലാകുന്നത്. പക്വതയാര്‍ന്ന നോട്ടംകൊണ്ടും സംഭാഷണങ്ങളിലെ മോഡലേഷനാലും കഥാപാത്രത്തെ ഉയിര്‍ക്കൊള്ളുന്നു നടൻ സുരാജ് വെഞ്ഞാറമൂട്. കണ്ണൻ നായരുടെ കഥാപാത്രവും അനിലൊപ്പം സിനിമയില്‍ പക്വതയോടെയുണ്ട്. നാല് കൗമാരക്കാരും സിനിമയില്‍ നിറഞ്ഞുനില്ക്കുന്നു. അനന്തുവും സജിയും മനുവും മനാഫുമാണ് സിനിമയുടെ നെടുംതൂണുകള്‍. ഹൃന്ദു ഹരൂണ്‍, ജോബിൻദാസ് തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ യദു കൃഷ്ണയും അനുജിത്തും വേഷമിട്ടിരിക്കുന്നു. ആക്ഷനിലും വൈകാരിക രംഗങ്ങളിലും ഇവര്‍ സിനിമയില്‍ മികച്ചുനില്ക്കുന്നു. ഇമോഷണലായും പ്രേക്ഷകരുമായി കണ്ണിചേര്‍ക്കാൻ നാല് താരങ്ങളുടെ പ്രകടനങ്ങള്‍ക്കും സാധിക്കുന്നുണ്ട് എന്നതിനാല്‍ മലയാള സിനിമയുടെ ഭാവിയില്‍ ഇവരുമുണ്ടായേക്കാം. മാലാ പാര്‍വതി ഗ്യാംഗ്സ്റ്റര്‍ നേതാവായ കഥാപാത്രം രമയെ തീക്ഷ്ണതയോടെ പകര്‍ത്തിയിരിക്കുന്നു മുറയില്‍.
മുഹമ്മദ് മുസ്തഫയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫയുടേതായി റിലീസായതാണ് മുറ. ട്വിസ്റ്റുകള്‍ക്ക് പ്രാധാന്യമുള്ള സിനിമയായിരുന്നു കപ്പേള. എന്നാല്‍ മുറ സാങ്കേതിത്തികവും ആവശ്യപ്പെടുന്ന സിനിമ ആണ് എന്നതിനാല്‍ മുഹമ്മദ് മുസ്തഫയിലെ സംവിധായകനെയും പരീക്ഷിക്കുന്നതായിരുന്നു. അതില്‍ വിജയിച്ചിരിക്കുന്നു സംവിധായകൻ എന്നതാണ് സിനിമയുടെ കാഴ്ചാനുഭവം. ഗിമ്മിക്കുകള്‍ ഇല്ലാത്ത ഒരു കഥയെ സിനിമ എന്ന നിലയില്‍ പ്രേക്ഷകനോട് ചേര്ത്തുനിര്ത്തേണ്ടതിനാവശ്യമായ സംവിധാന മികവുണ്ടെന്നതും സാക്ഷ്യം. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ കഥാപാത്രങ്ങളുടെ ഗ്യാംഗ്സ്റ്റര്‍ ജീവിതങ്ങള്‍ക്കപ്പുറം കുടുംബപശ്ചാത്തലവും വിളക്കിച്ചേര്ത്തതിനാല് മുറയെന്ന സിനിമ പ്രേക്ഷകനോട് ചേരുന്നു.
ഗ്യാംഗ്സ്റ്റര്‍ ഴോണറിലുള്ള ഒരു സിനിമ എന്ന നിലയില്‍ മുറയെ അടയാളപ്പെടുത്തുന്നത് ശരിക്കും സംഗീതം ആണ്. പശ്ചാത്തല താളം മുറയ്ക്ക് തീര്‍ത്തും തിയറ്ററുകളില്‍ അടിവരയിടുന്നുണ്ട്. ക്രിസ്റ്റി ജോബിയാണ് സംഗീത സംവിധാനം. പാട്ടുകളും പ്രമേയത്തിനൊത്തുള്ളതാണ്. ആക്ഷനും പ്രാധ്യാന്യമുള്ള ചിത്രത്തെ ചടുലമാക്കുന്ന കട്ടുകളാണ് ചമൻ ചാക്കോയുടേത്. നിരവധി രാത്രി രംഗങ്ങളുള്ള മുറ സിനിമയുടെ ഛായാഗ്രാഹണം സിനിമയെ ആകര്‍ഷണമാക്കുന്നു. ഫാസില്‍ നാസറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
രാജ്യത്തെ പുതുകാല സിനിമകളിലെ വയലൻസ് രംഗങ്ങളുടെ ശൈലി മുറയിലുമുണ്ട്. സാധാരണ പേസില്‍ പോകുകയും ഒരു ഘട്ടത്തില്‍ ചടുലമായി പൊടുന്നനെ മാറുകയും ചെയ്യുന്ന സിനിമാ കാഴ്ചയാണ് മുറ. യുവപ്രേക്ഷകരുടെ ലക്ഷ്യംവയ്ക്കുന്ന ഒരു സിനിമയാണ്. അതിനൊപ്പം കുടുംബപ്രേക്ഷകരെയും അവഗണിക്കാതെ വൈകാരിക രംഗങ്ങള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യവും നല്‍കിയിരിക്കുന്ന സിനിമയാകുന്നു യുവാക്കളുടെ മുറയും.
Read More: എത്രയാണ് ഓപ്പണിംഗ് കളക്ഷൻ?, പ്രേമലുവിന് ശേഷം സര്‍പ്രൈസാകുമോ ഐ ആം കാതലൻ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]