.news-body p a {width: auto;float: none;}
പാകിസ്ഥാന്റെയും ചൈനയുടെയും പ്രഖ്യാപിത ശത്രു ഇന്ത്യയാണ്. അതിർത്തിപ്രശ്നങ്ങൾ ഉൾപ്പെടെ പല കാരണങ്ങൾ ഇതിനുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് കാതങ്ങൾ അകലെയുള്ള ഒരു രാജ്യം ഇന്ത്യയെ കൊടിയ ശത്രുവായാണ് ഇപ്പോൾ കാണുന്നത്. അമേരിക്കയുടെ അയൽക്കാരായ കാനഡയാണിത്. അമേരിക്കയും റഷ്യയും ഉൾപ്പെടെ ലോകവൻശക്തികൾ ഇന്ത്യയുടെ വാക്കിന് മറ്റെന്തിനെക്കാളും വില കൽപ്പിക്കുകയും ഇന്ത്യയുടെ സൗഹൃദം ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് അധികാരം നിലനിറുത്താൻ ഭീകരവാദികളുടെ കാൽനക്കാൻ പോലും മടിയില്ലാത്ത കനേഡിയൻ പ്രധാമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നത്. അധികാരത്തിലെത്തിയ കാലം മുതൽ തുടങ്ങിയതാണ് ഇന്ത്യയ്ക്കെതിരായ ട്രൂഡോയുടെ ഒളിഞ്ഞും തെളിഞ്ഞുമുളള നീക്കങ്ങൾ. ഖാലിസ്ഥാൻ ടെെഗർ ഫോഴ്സിന്റെ കാനഡയിലെ തലവൻ ഹര്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില് അമിത് ഷായ്ക്ക് പങ്കുണ്ടെന്നുവരെ ആരോപണമുന്നയിച്ചു.
നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന ‘വിശ്വസനീയമായ” ആരോപണത്തെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വഷിച്ചു വരികയാണെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ പറഞ്ഞത്.
മസ്കാണ് താരം
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിനുപിന്നിൽ ചെറുതല്ലാത്ത പങ്കുവഹിച്ചത് ടെക്ക് ഭീമനായ ഇലോൺ മസ്കായിരുന്നു. തിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി മസ്കിനോളം പണിയെടുത്ത മറ്റൊരു വ്യവസായി ഇല്ലെന്നുതന്നെ പറയാം. തന്റെ വിജയത്തിനുപിന്നിൽ പ്രവർത്തിച്ചതിന് മസ്കിന് ട്രംപ് നന്ദിപറയുകയും ചെയ്തു. ട്രംപിനെ വിജയത്തിലെത്തിക്കാൻ കഠിനപരിശ്രമം നടത്തിയ മസ്ക് ട്രൂഡോയ്ക്ക് കുഴിതോണ്ടാനുളള പണി തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു എക്സ് പോസ്റ്റും അതിന് മസ്ക് നൽകിയ കമന്റുമാണ് ഇക്കാര്യം മറനീക്കി പുറത്തകൊണ്ടുവന്നത്.
കാനഡയിൽ ട്രൂഡോയെ പുറത്താക്കാൻ ഞങ്ങക്ക് നിങ്ങളുടെ സഹായം വേണം എന്നായിരുന്നു മസ്കിനെ ടാഗുചെയ്തുള്ള ഒരാളുടെ എക്സ് പോസ്റ്റ്. ഇതിനുള്ള കമന്റിലാണ് ട്രൂഡോ തോൽക്കുമെന്ന് മസ്ക് കുറിച്ചത്. ട്രൂഡോ തോൽക്കാനുള്ള പണികൾ മസ്ക് ഇതിനകം തുടങ്ങിക്കഴിഞ്ഞുവെന്നാണ് ട്രൂഡോ സർക്കാരിനെ എതിർക്കുന്നവർ പറയുന്നത്. എങ്ങനെ എവിടെ പണിയണമെന്ന് മസ്കിന് നന്നായി അറിയാമെന്ന് ട്രംപിന്റെ വിജയത്തോടെ ലോകത്തിന് മനസിലായി. അത്തരത്തിലൊരു പണി കിട്ടിയാൽ ട്രൂഡോ സർക്കാരിന്റെ പതനം നൂറുശതമാനം ഉറപ്പിക്കാം.
ട്രൂഡോയ്ക്ക് നിർണായകം
2013 മുതൽ ലിബറൽ പാർട്ടിയുടെ ചോദ്യംചെയ്യപ്പെടാത്ത നേതാവാണ് ട്രൂഡോ. എന്നാൽ കാര്യങ്ങൾ ഇപ്പോൾ പഴതുപോലല്ല. അതിനാൽത്തന്നെ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് നിർണായകമാണ്. അടുത്തിടെ നടന്ന ചില ഉപതിരഞ്ഞെടുപ്പുകളിൽ ലിബറൽ പാർട്ടിക്ക് കാലിടറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. വർഷങ്ങളായി പാർട്ടിയുടെ ഉറച്ച സീറ്റായിരുന്ന മോൺട്രിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി എട്ടുനിലയിൽ പൊട്ടി.ഇക്കഴിഞ്ഞ ജൂണിൽ മറ്റൊരു പാർട്ടി കോട്ടയായ ടൊറന്റോയും ലിബറൽ പാർട്ടിക്ക് നഷ്ടപ്പെട്ടിരുന്നു. അങ്ങനെ മൂന്നുമാസത്തിനുള്ള രണ്ട് ഉറച്ച സീറ്റുകളാണ് പാർട്ടിയെ കൈവിട്ടത്. ഇതോടെ പാർട്ടിയിലെ അദ്ദേഹത്തിന്റെ പിടിയും അയഞ്ഞുതുടങ്ങി. ജനസ്വാധീനമുള്ള ചില നേതാക്കൾ പാർട്ടിയോട് അകലം പാലിക്കുന്നതും ട്രൂഡോയുടെ ഭാവി ഇരുളടഞ്ഞതാക്കുന്നു. കിട്ടിയ അവസരം മുതലാക്കി പ്രതിപക്ഷ സഖ്യം ട്രൂഡോയ്ക്കെതിരെയുള്ള നീക്കങ്ങൾ സജീവമാക്കിക്കഴിഞ്ഞു.
ഇന്ത്യയ്ക്ക് കൊടും ഭീകരൻ പക്ഷേ..
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് ഇന്ത്യയും കാനഡയുമായുള്ള ബന്ധം കൂടുതൽ വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കടുത്ത ആരോപണവും കാനഡ ഉയർത്തിയിരുന്നു. നിജ്ജാർ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുൻപിൽ കനേഡിയൻ വിദേശകാര്യ സഹമന്ത്റിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാനഡയിലെ ആറ് ഇന്ത്യൻ നയതന്ത്ര പ്രതിനിധികളാണ് ഖാലിസ്ഥാൻ നേതാക്കളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തിനൽകിയതെന്നും കാനഡ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരോടും നാട്ടിലേക്കു മടങ്ങാൻ കാനഡ ഉത്തരവിട്ടിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി മുൻനിർത്തി ആറ് ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിച്ചു. ഇതിന് മറുപടിയെന്നോണം ന്യൂഡൽഹിയിലെ കാനഡ എംബസിയിലുള്ള ആറ് നയതന്ത്ര പ്രതിനിധികളെ കേന്ദ്രം പുറത്താക്കുകയും ചെയ്തു.
2023 ജൂൺ 18നായിരുന്നു ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. കാനഡയിലെ ഒരു സിക്ക് ക്ഷേത്രത്തിന് സമീപത്തെ പാർക്കിങ്ങിൽ വച്ചായിരുന്നു മുഖംമൂടി ധരിച്ച രണ്ടുപേർ നിജ്ജാറിനെ വെടിവച്ചുകൊന്നത്.
നേട്ടം വോട്ട്
കാനഡയിൽ സിക്കുകാരുടെ എണ്ണം കൂടിവരികയാണ്.ഇവരുടെ വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ് ട്രൂഡോയുടെ പാർട്ടിയും സർക്കാരും ഇവരെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് വ്യക്തമാക്കി ട്രൂഡോ ഖാലിസ്ഥാൻ അനുകൂല പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ടൊറന്റോയിൽ നടന്ന, സിക്ക് വംശജരുടെ ഖൽസദിന പരിപാടിയിൽ ട്രൂഡോ പങ്കെടുത്തിരുന്നു. ട്രൂഡോ വേദിയിലേക്ക് കയറിയപ്പോഴും പ്രസംഗത്തിനിടയിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു.എന്നാൽ ഇതിനെതിരെ ഒരു വാക്കു പോലും ഉരിയാടാതിരുന്ന ട്രൂഡോ, പകരം സിക്ക് വംശജരുടെ അഭിപ്രായ സ്വാതന്ത്യവും അവകാശങ്ങളും സംരക്ഷിക്കുമെന്നാണ് പ്രസംഗിച്ചത്. ഇക്കഴിഞ്ഞ ദീപാവലിയിൽ പാർലമെന്റ് ഹില്ലിലെ ദീപാവലി ആഘോഷം കാനഡ റദ്ദാക്കിയിരുന്നു.