ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. അതില്‍ത്തന്നെ ഹിന്ദി ബിഗ് ബോസിനാണ് ഏറ്റവുമധികം പ്രേക്ഷകര്‍. സല്മാന് ഖാന് അവതരിപ്പിക്കുന്ന ഷോ എപ്പോഴും ചടുലവും അപ്രതീക്ഷിതത്വം നിറഞ്ഞതുമാണ്. ഒക്ടോബര്‍ 6 ന് ആരംഭിച്ച പുതിയ സീസണില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത സല്മാന് ഖാന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ളതാണ്.
അതെ, സല്മാന് ഖാന് പകരം ബോളിവുഡില്‍ നിന്ന് മറ്റൊരാള്‍ ഷോയുടെ അവതാരക സ്ഥാനത്തേക്ക് എത്തുകയാണ്. എന്നാല്‍ ഇത് താല്ക്കാലികമാണ്. പുതിയ സിനിമയായ സിക്കന്തറിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് സല്മാന് ഇപ്പോള്‍. അതിനാല്‍ ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡുകളില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാവില്ല. സല്മാന് പകരം പ്രമുഖ സംവിധായകന് രോഹിത് ഷെട്ടിയാണ് മത്സരാര്ഥികളെയും പ്രേക്ഷകരെയും ഈ വാരാന്ത്യത്തില്‍ അഭിമുഖീകരിക്കുക. ഒപ്പം ചലച്ചിത്ര നിര്‍മ്മാതാവും ടെലിവിഷന്‍ പ്രൊഡ്യൂസറുമായ ഏക്ത കപൂറും ടി വി സെറീനയും ഷോയില്‍ എത്തും. ഒരു പ്രത്യേക സെഗ്മെന്റ് ഏക്ത കപൂര്‍ ആവും നയിക്കുക.
അതേസമയം രോഹിത് ഷെട്ടി ബിഗ് ബോസ് 18 ല്‍ ഇതിന് മുന്‍പും എത്തിയിരുന്നു. ദീപാവലി റിലീസ് ആയെത്തിയ തന്റെ പുതിയ ചിത്രം സിങ്കം എഗെയ്നിന്റെ പ്രൊമോഷന്റെ ഭാഗമായി ആയിരുന്നു അത്. ഒപ്പം ചിത്രത്തിലെ നായകനായ അജയ് ദേവ്ഗണും ഉണ്ടായിരുന്നു. അതേസമയം സല്മാന് ഖാന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിക്കന്ദര്‍. എ ആര് മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സത്യരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹൈദരാബാദില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ചിത്രീകരണത്തില്‍ സല്‍മാനൊപ്പം രശ്മികയും പങ്കെടുക്കുന്നുണ്ട്.
ALSO READ : ‘മാര്‍ക്കോ’യുടെ മ്യൂസിക് റൈറ്റ്സ് വില്‍പ്പനയായി; സ്വന്തമാക്കിയത് സോണി മ്യൂസിക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]