കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള പുതിയ ചിത്രം ഇപ്പോള്‍ ആശങ്കയ്ക്ക് വഴി തുറന്നിരിക്കുകയാണ്. സുനിത വില്യംസും ബുച്ച് വിൽമോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ സുനിതയുടെ രൂപമാണ് ചർച്ചയ്ക്ക് കാരണം. ശാരീരികനിലയിൽ നന്നേ വ്യത്യാസം വന്ന സുനിതയെ ചിത്രത്തിൽ കാണാം. ഇതാണ് ദീർഘകാല ബഹിരാകാശ വാസം സുനിത വില്യസിന്റെ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ടോ എന്ന ആശങ്ക വർധിപ്പിക്കാനിടയാക്കുന്നത്.
മുൻപും ബഹിരാകാശ നിലയത്തിൽ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തിൽ ദീർഘനാൾ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ പരീക്ഷാണാർഥം നിലയത്തിൽ എത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും പേടകത്തിലെ സാങ്കേതിക തകരാർ കാരണം അതിൽ തിരിച്ചുവരാനായില്ല. ഫെബ്രുവരിയിൽ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഭൂമിയിലേക്ക് ഇരുവരും തിരികെയെത്തുക.
മർദ്ദം ക്രമീകരിച്ച കാബിനിലാണെങ്കിലും വളരെയധികം ഉയരത്തിൽ ദീർഘകാലം കഴിയുമ്പോൾ ശരീരത്തിനുണ്ടാവുന്ന സ്വാഭാവിക സമ്മർദങ്ങൾ സുനിത വില്യംസ് അനുഭവിക്കുന്നുണ്ടാകുമെന്നാണ് സൂചനയെന്ന് സിയാറ്റിലിലെ ശ്വാസകോശരോഗ വിദഗ്ധന്‍ പറയുന്നു. സുനിത വില്യംസ് കലോറി അപര്യാപ്തത നേരിടുന്നതായി തോന്നുന്നുണ്ടെന്നും ശരീരത്തിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി നഷ്ടമാകുന്നത് കൊണ്ടായിരിക്കാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരീരഭാരം നഷ്ടമാകുന്നതിന്റെ സ്വാഭാവിക ലക്ഷണമാണ് കവിളുകൾ കുഴിയുന്നതേ. കുറച്ച് നാളുകളായി അവർ ഭക്ഷണം കുറച്ചിട്ടുണ്ടാവുമെന്നും ബഹിരാകാശത്തെ ഭാരമില്ലായ്മയിൽ ജീവിക്കുന്നതിനും ശരീര താപം നിലനിർത്തുന്നതിനുമായി ശരീരം കൂടുതൽ ഊർജം ഉപയോഗപ്പെടുത്തുന്നുണ്ടാവാമെന്നും അദേഹം പറഞ്ഞു.
ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം നിലനിർത്താൻ ദിവസേന 2.5 മണിക്കൂർ വ്യായാമം നിഷ്കർഷിച്ചിട്ടുണ്ട്. ഈ ദിനചര്യ പിന്തുടർന്നാണ് ബഹിരാകാശ നിലയത്തിൽ ആളുകൾ താമസിക്കുന്നത്.
Read more: ഒന്നല്ല, രണ്ട്; റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]