
തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്കുള്ള സർക്കാർ സബ്സിഡി മുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടതോടെ പ്രതിസന്ധിയിലായ കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തി. മലപ്പുറത്ത് നിന്നുള്ള കുടുംബശ്രീ പ്രവർത്തകരാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തുന്നത്. വിശപ്പ് രഹിത കേരളത്തിനായി വിളമ്പിയ ചോറിന് സബ്സിഡി നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
കുടുംബശ്രീ വനിതകളെ കടക്കെണിയില്‍ കുടുക്കി ആത്മഹത്യയുടെ വക്കിലേക്ക് സർക്കാര്‍ തള്ളിയിട്ടെന്നാണ് പ്രതിഷേധത്തിനെത്തിയവർ പ്രതികരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ബാധ്യത വഹിക്കാനുള്ള കോടീശ്വരന്മാരല്ല കുടുംബശ്രീ പ്രവർത്തകരെന്നും ഇവർ പറയുന്നു. ജില്ലാ കളട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ച് ഫലം കാണാതെ വന്നതോടെയാണ് പ്രതിഷേധം തലസ്ഥാനത്തേക്ക് മാറ്റിയത്. 13 മാസത്തോളമായി ലക്ഷക്കണക്കിന് രൂപയുടെ സബ്സിഡിയാണ് ഇവർക്ക് ലഭിക്കാനുള്ളത്.
പിണറായി സർക്കാർ ഏറെ ആഘോഷിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നൽകിയിരുന്ന ഇരുപത് രൂപയുടെ ഊണ് ഏറെ പ്രശംസ നേടിയിരുന്നു. ഇരുപത് രൂപയ്ക്ക് ഊണ് നൽകുമ്പോൾ പത്ത് രൂപ കുടുംബശ്രീ ഭക്ഷണശാലകള്‍ക്ക് സർക്കാര്‍ സബ്സിഡി നൽകുന്നതായിരുന്നു പദ്ധതി. എന്നാലിപ്പോള്‍ സബ്സിഡി എടുത്തുകളഞ്ഞു. ഇതോടെ ഊണിന് മുപ്പത് രൂപയായി. വലിയ കടത്തിലാണ് വന്ന് പെട്ടിരിക്കുന്നതെന്നും കുടുംബത്തില്‍ സമാധാനമില്ലാത്ത അവസ്ഥയാണ് നേരിടുന്നതെന്നും പ്രതിഷേധക്കാര്‍ വിശദമാക്കുന്നു.
സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിലാണെന്ന് മാസങ്ങള്‍ക്ക് മുന്‍പ് റിപ്പോർട്ടുകള്‍ വന്നിരുന്നു. എട്ട് മാസത്തെ സബ്സിഡി കുടിശ്ശികയായതോടെ പൂട്ടുന്നതിന്റെ വക്കിലാണ് മിക്ക ജനകീയ ഹോട്ടലുകളുമുള്ളത്. പല ഹോട്ടലുകൾക്കും സബ്സിഡി ഇനത്തിൽ പത്ത് മുതൽ ഇരുപത് ലക്ഷത്തിലധികം രൂപ വരെയാണ് കിട്ടാനുള്ളത്.
Last Updated Nov 8, 2023, 2:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]