
മൂന്നാർ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചെന്നൈ സ്വദേശികളിൽ നിന്നും മൂന്നാർ സ്വദേശികളായ ദമ്പതികളും ബന്ധുക്കളും ചേർന്ന് 45.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചെന്നൈ ഭാരതി നഗറിൽ താമസിക്കുന്ന കെ. തനിഷ്കയാണ് ഇതുസംബന്ധിച്ച് മൂന്നാർ പൊലീസിൽ പരാതി നൽകിയത്. മൂന്നാർ ലക്ഷം കോളനിയിൽ അരുൺ ദിനകരൻ, ഭാര്യ ജെൻസി, അരുണിന്റെ പിതാവ് അംബ, ഭാര്യ വിജയ, ബന്ധു പനീർ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് തട്ടിപ്പ് നടന്നത്. തനിഷ്കയുടെ ബന്ധുക്കളും ഉന്നത വിദ്യാഭ്യാസ യോഗ്യതയുമുള്ള നാലുപേർക്ക് ജോലി അന്വേഷിക്കുന്നതിനിടയിലാണ് റിജിംസ് സൊല്യൂഷൻസ് എന്ന വെബ് സൈറ്റിൽ കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകളിൽ ജോലി ഒഴിവുള്ളതായി കണ്ടെത്തിയത്.
തുടർന്ന് ബന്ധപ്പെട്ടപ്പോൾ ഇൻകം ടാക്സ്, പോസ്റ്റൽ വകുപ്പ്, ഇന്ത്യൻ എംബസി എന്നിവടങ്ങളിൽ ഒഴിവുള്ളതായി വെബ്സൈറ്റ് ഉടമയായ
അരുൺ അറിയിച്ചു. തുടർന്ന് തനിഷ്കയും ബന്ധുക്കളും മൂന്നാറിലെത്തി അപേക്ഷകൾ അയക്കുന്നതിനും മറ്റുമായി പതിനായിരം രൂപ നൽകി. ഇവരെ വിശ്വസിപ്പിക്കുന്നതിനായി അപേക്ഷ അയച്ചതിന്റേയും മറ്റും രേഖകൾ അരുൺ അയച്ചു നൽകി. ഇതിനു ശേഷം രണ്ടു പേർക്ക് ഇൻകം ടാക്സ്, ഇന്ത്യൻ എംബസി എന്നിവടങ്ങളിൽ നിന്നെന്ന പേരിൽ വ്യാജ നിയമന ഉത്തരവുകൾ ലഭിച്ചു. ഇതിനിടയിലാണ് പല തവണയായി 45.20 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിലും മറ്റുമായി അരുൺ തട്ടിയെടുത്തത്.
ഇതിൽ തനുഷ്കയുടെ ബന്ധുവായ വരുൺ തട്ടിപ്പുകാരുടെ ആവശ്യപ്രകാരം 2019 അവസാനം ദില്ലിയിലെത്തി ജോലിക്ക് കയറുന്നതിന് മുൻപ് തട്ടിപ്പുകാരുടെ ആവശ്യപ്രകാരം രണ്ടു മാസത്തെ കംപ്യൂട്ടർ കോഴ്സ് പഠിക്കാനാരംഭിച്ചു. എന്നാൽ ഇതിനു ശേഷം ജോലിക്ക് കയറാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ഇൻകം ടാക്സ് ഓഫീസിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അരുണുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് തട്ടിപ്പിനിരയായവർ പണമാവശ്യപ്പെട്ട് മൂന്നാറിലെ വീട്ടിലെത്തി.
എന്നാൽ അരുണിന്റെ ബന്ധുവായ പനീർ തൻന്റെ സൈലൻന്റ് വാലിയിലുള്ള സ്ഥലം വിറ്റു പണം മുഴുവൻ നൽകാമെന്നും ഉറപ്പു നൽകി. ഈ സ്ഥലത്തിന്റെ പണയത്തിലിരിക്കുന്ന രേഖകൾ എടുക്കുന്നതിനായി അരുണിൻന്റെ ഭാര്യ ജെൻസി വഴി 1.10 ലക്ഷം രൂപ വീണ്ടും തട്ടിയെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഭൂമിയുടെ രേഖകൾ പരിശോധിച്ചതിൽ നിന്നും ഇത് വ്യാജമാണെന്നും സർക്കാർ ഭൂമിയാണന്നും കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. പല തവണ പണം ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതായതോടെയാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്. തട്ടിപ്പിനിരയായവർക്കു വേണ്ടി ബന്ധുവായ തനിഷ്കയാണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 7, 2023, 9:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]