

First Published Nov 7, 2023, 4:03 PM IST
എല്ലാ വർഷവും നവംബർ 7ന് ദേശീയ കാൻസർ അവബോധ ദിനം (national cancer awareness day) ആചരിക്കുന്നു. രാജ്യത്തുടനീളം കാൻസർ ചികിത്സ ലഭ്യമാക്കുന്നതിനായി 1975-ൽ ആരംഭിച്ച ദേശീയ കാൻസർ നിയന്ത്രണ പരിപാടി ശ്രദ്ധേയമാണ്. രോഗത്തെക്കുറിച്ചും അത് എങ്ങനെ നേരത്തെ കണ്ടുപിടിക്കാം എന്നതിനെക്കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിച്ച് വരുന്നത്. രോഗികളിൽ കാൻസർ ഭേദമാക്കാൻ നേരത്തെയുള്ള കണ്ടെത്തൽ വളരെ പ്രധാനമാണ്.
യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയാണ് അർബുദം.
ഇന്ത്യയിൽ പ്രതിവർഷം 1.1 ദശലക്ഷം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.
അതിൽ മൂന്നിൽ രണ്ട് ഭാഗവും അവസാന ഘട്ടത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് ക്യാൻസർ രോഗിയുടെ അതിജീവന സാധ്യത കുറയ്ക്കുന്നു. ഒട്ടുമിക്ക കാൻസർ രോഗികളിലും വൈകി കണ്ടുപിടിക്കാനുള്ള പ്രധാന കാരണം കുറഞ്ഞ അവബോധമാണ്. അതിനാൽ, ദേശീയ കാൻസർ അവബോധ ദിനം ആചരിക്കുന്നത് ഇന്ത്യയിൽ വളരെ പ്രധാനമാണ്.
കാൻസർ വന്നാൽ മരണം ഉറപ്പാണ്, ചികിത്സിച്ചു മാറ്റാനാവില്ല എന്നൊക്കെയാണ് പലരും കരുതുന്നത്. എന്നാൽ, ഇത്തരം തെറ്റിദ്ധാരണകൾ മാറ്റിവച്ചുകൊണ്ട് കാൻസറിനെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവുണ്ടാവുക എന്നത് ദേശീയ കാൻസർ അവബോധ ദിനത്തിന്റെ അനിവാര്യതയാണ്.
ആളുകൾ ബോധവാന്മാരാകുകയും കാൻസർ എങ്ങനെ നേരത്തെ കണ്ടെത്താമെന്ന് അറിയുകയും ചെയ്താൽ, പരമാവധി ജീവൻ രക്ഷിക്കാനാകും. ഒരു രോഗിയിൽ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുക. ശരിയായ ചികിത്സ നൽകേണ്ടതും ചെയ്യേണ്ടത് പ്രധാനമാണ്. തെറ്റായ ഭക്ഷണശീലം, മദ്യപാനം, പുകവലി എന്നിവയൊക്കെ കാൻസറിനുള്ള പ്രധാന കാരണങ്ങളാണ്.
ഇന്ത്യയിൽ ഏകദേശം 70 ശതമാനം അർബുദവും തടയാവുന്ന ഘടകങ്ങൾ മൂലവും 40 ശതമാനം പുകയില സംബന്ധമായ പ്രശ്നങ്ങൾ മൂലവും 10 ശതമാനം മറ്റ് കാരണങ്ങളാലും സംഭവിക്കുന്നു. ഏകദേശം 14 തരം കാൻസറുകളുടെ പ്രധാന കാരണം പുകയിലയാണ്. ഇന്ത്യയിൽ ഓരോ രണ്ട് സ്ത്രീകളിലും സ്തനാർബുദ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്.
കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
ഒന്ന്…
ശരീരത്തിൽ എവിടെയെങ്കിലും മുഴകൾ കണ്ടാൽ അവഗണിക്കരുത്. വേദനയുള്ളതും വേദനയില്ലാത്തതുമായ മുഴകൾ കാൻസറിന് കാരണമാകാം. ചില മുഴകൾ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുള്ള മുഴയാണെങ്കിലും പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പ് വരുത്തുക.
രണ്ട്…
ശരീരഭാരത്തിലുള്ള വ്യത്യാസമാണ് മറ്റൊരു ലക്ഷണം. ശരീരഭാരം ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്യുക. ആർത്തവവിരാമം കഴിഞ്ഞ് രക്തസ്രാവമുണ്ടെങ്കിൽ പരിശോധിക്കണം. ശബ്ദത്തിലുള്ള വ്യത്യാസം, ശബ്ദം അടഞ്ഞുപോകുന്ന അവസ്ഥ എന്നിവയുണ്ടെങ്കിലും പരിശോധന നടത്തണം.
മൂന്ന്…
വിട്ടുമാറാത്ത, നീണ്ടുനിൽക്കുന്ന ചുമ നിസാരമാക്കരുത്. ശ്വാസകോശാർബുദത്തിന്റെ പ്രധാന ലക്ഷണമായാണ് വിദഗ്ധർ പറയുന്നു. ജലദോഷം, ശ്വസന അണുബാധ എന്നിവ കൊണ്ട് ഉണ്ടാകുന്ന ചുമ സാധാരണയായി ഒരാഴ്ച കൊണ്ട് തന്നെ മാറുന്നതാണ്. മൂന്നാഴ്ചയിൽ കൂടുതലായി ചുമ തുടരുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
നാല്…
വായിൽ സ്ഥിരമായി വ്രണങ്ങൾ വരുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. പരുക്കൻ ശബ്ദം അല്ലെങ്കിൽ ശബ്ദത്തിലെ മാറ്റങ്ങളും നിസാരമാക്കരുത്. അത് വായിലെ കാൻസറിന്റെ ലക്ഷണമാണ്.
അഞ്ച്…
സ്തനങ്ങളിലെ ചെറിയ നിറമാറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. മുലഞെട്ടിന് ചുറ്റുമുളള നിറമാറ്റം ശ്രദ്ധിക്കണം. അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറെ കാണുക.
മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ പ്രകടമായാൽ പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
Last Updated Nov 7, 2023, 4:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]